തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദ്വിദിന രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്ത് ദ്വിദിന പണിമുടക്ക് ആരംഭിച്ചു. വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 28 ന് അർദ്ധരാത്രി തുടങ്ങി, 29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക് നടക്കുക. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലാകും.

എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുന്നത്. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്.

അവശ്യ പ്രതിരോധ സേവനനിയമം പിൻവലിക്കുക, കൊവിഡ് കാലപ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആദായനികുതിയില്ലാത്ത പാവപ്പെട്ടവർക്ക് പ്രതിമാസം 7500 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങളും പണിമുടക്കിന് പിന്നിലുണ്ട്. അതേസമയം, 22 തൊഴിലാളി സംഘടനകളാണ് സംസ്ഥാനത്ത് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. കൊച്ചി ബിപിസിഎല്ലിലെ പണിമുടക്ക് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞുവെങ്കിലും പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ. പാൽ, പത്രം, ആശുപത്രികൾ, എയർപോർട്ട്, ഫയർ ആന്റ് റെസ്‌ക്യൂ എന്നീ അവശ്യസർവീസുകൾ തടസമില്ലാതെ നടക്കും.