ഐപിഎല്‍: മുംബൈ വീണു; ഡല്‍ഹിക്ക് ജയം

ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷം 10 പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. ബാറ്റിങ് തകര്‍ച്ചയ്ക്കിടയില്‍ അവസാന ഓവറുകളില്‍ ആളിക്കത്തിയ ലളിത് യാദവും അക്സര്‍ പട്ടേലുമാണ് അവര്‍ക്കു തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ലളിത് 38 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 48 റണ്‍സുമായും അക്സര്‍ 17 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്സറുകളും സഹിതം 38 റണ്‍സുമായും പുറത്താകാതെ നിന്നു.

13.2 ഓവറില്‍ ആറിന് 104 എന്ന നിലയില്‍ തകര്‍ന്ന് പരാജയത്തെ അഭിമുഖീകരിച്ചിടത്തു നിന്നാണ് ഇരുവരും ഡല്‍ഹിയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. ഇവര്‍ക്കു പുറമേ 24 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 38 റണ്‍സ് നേടിയ പൃഥ്വി ഷാ, 14 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 21 റണ്‍സ് നേടിയ ടിം സെയ്ഫര്‍ട്ട്, 11 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളോടെ 22 റണ്‍സ് നേടിയ ഷാര്‍ദ്ദൂല്‍ താക്കൂര്‍ എന്നിവരും തിളങ്ങി.

മുംബൈയ്ക്കായി മൂന്നു വിക്കറ്റ് വീഴ്ത്തിയ മലയാളി താരം ബേസില്‍ തമ്ബിയാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. നാലോവറില്‍ 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ മുരുകന്‍ അശ്വിനും തിളങ്ങി. ടൈമല്‍ മില്‍സിനാണ് ഒരു വിക്കറ്റ്. നേരത്തെ ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കത്തിനു ശേഷം മധ്യനിര തകര്‍ന്നെങ്കിലും ഒരറ്റത്തു തകര്‍ത്തടിച്ച യുവതാരം ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് അവരെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ 48 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 81 റണ്‍സുമായി പുറത്താകാതെ നിന്നു. ഇഷാനു പുറമേ 32 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 41 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ, 15 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികള്‍ സഹിതം 22 റണ്‍സ് നേടിയ യുവതാരം തിലക് വര്‍മ, ആറു പന്തുകളില്‍ നിന്ന് ഒരു സിക്സറോടെ 12 റണ്‍സ് നേടിയ ടിം ഡേവിഡ് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. മുംബൈയ്ക്കു വേണ്ടി രോഹിതും ഇഷാനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. രോഹിതിനെ വീഴ്ത്തി കുല്‍ദീപാണ് ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

സൂര്യകുമാര്‍ യാദവിന് പകരമെത്തിയ യുവതാരം അന്‍മോല്‍പ്രീത് സിങ്ങും(8) കുല്‍ദീപിന് കീഴടങ്ങി. പിന്നീട് തിലക് വര്‍മയെ കൂട്ടുപിടിച്ച് ഇഷാന്‍ ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പക്ഷേ തിലകിനെ വീഴ്ത്തി ഖലീല്‍ അഹമ്മദ് മുംബൈയെ പ്രതിരോധത്തിലാഴ്ത്തി. തൊട്ടുപിന്നാലെ അപകടകാരിയായ കീറോണ്‍ പൊള്ളാര്‍ഡിനെ(3)യും കുരുക്കി കുല്‍ദീപ് മുംബൈയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടതാണ്. എന്നാല്‍, ഒരറ്റത്ത് പതറാതെ നിന്ന ഇഷാന്‍ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ടിം ഡേവിഡിനൊപ്പം 37 റണ്‍സും പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഡാനയല്‍ സാംസിനൊപ്പം ആറു പന്തില്‍ 18 റണ്‍സും ഇഷാന്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്കു വേണ്ടി കുല്‍ദീപ് മൂന്നും ഖലീല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.