ന്യൂഡല്‍ഹി: 1980-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യാത്രചെയ്യാന്‍ അവസരം ലഭിച്ച വേളയില്‍ ഉണ്ടായ സംഭവത്തെക്കുറിച്ച് ഗുജറാത്ത് സ്വദേശി ഡോ. അനില്‍ റാവത്ത് ഓര്‍മ്മ പുതുക്കുകയാണ് ഇപ്പോള്‍. ‘ഒരിക്കല്‍ ഞാനൊരു സ്വയംസേവകന്റെ വീട്ടില്‍പ്പോയി. അതൊരു ചേരിപ്രദേശമായിരുന്നു. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പമായിരുന്നു അയാളുടെ താമസം. അവര്‍ ഒരു ബജ്റ റൊട്ടിയുടെ പകുതിയും ഒരു പാത്രത്തില്‍ പാലും തന്നു. അമ്മയുടെ മടിയിലിരുന്ന കുട്ടി പാല്പ്പാത്രത്തിലേക്കു നോക്കിയിരുന്നു. അത് ആ കുട്ടിക്കുള്ള പാലാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ റൊട്ടി കഴിച്ചശേഷം പാല് കുടിക്കാതെ അവിടെത്തന്നെവെച്ചു. പാലെടുത്ത് ആ അമ്മ കുട്ടിക്കു കൊടുത്തു. ഒറ്റവലിക്ക് അവനതു കുടിച്ചു. എന്റെ കണ്ണുകള്‍ അണപൊട്ടി. ഏറ്റവും താഴ്ന്ന നിലയിലുള്ള മനുഷ്യന്റെ ഉന്നമനത്തിനു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ ആ നിമിഷം ഞാന്‍ തീരുമാനമെടുത്തു.’ -പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊതുജീവിതത്തിലെ ഒരു അനുഭവക്കുറിപ്പാണിത്.
മോദിയുടെ വ്യക്തിജീവിതത്തിലെ ഇതുവരെ അറിയപ്പെടാത്ത ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി തുടങ്ങിയ വെബ്സൈറ്റിലാണ് അനില്‍ റാവത്തിന്റെ ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജീവിതം അടുത്തുനിന്നു കണ്ടവരുടെ അനുഭവക്കുറിപ്പുകള്‍, നേരിട്ടു സമ്പര്‍ക്കം പുലര്‍ത്താന്‍ അവസരം ലഭിച്ചവരുടെ ഓര്‍മകള്‍, ലേഖനങ്ങള്‍, അദ്ദേഹമൊത്തുള്ള ചിത്രങ്ങള്‍ തുടങ്ങിയവയാണ് വെബ്സൈറ്റിലെ ഉള്ളടക്കം. പ്രധാനമന്ത്രിയെക്കുറിച്ച് ഇതുവരെ പറയാത്തതും കേള്‍ക്കാത്തതുമായ കഥകളാണ് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. മോദിയുടെ ജീവിതയാത്രയെയും പൊതുജീവിതത്തിലെ പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള ഹൃദ്യമായ വിവരണങ്ങളുള്ളതാണ് വെബ്സൈറ്റെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ജീവിതത്തിലെ പ്രചോദിതമായ മുഹൂര്‍ത്തങ്ങളാണ് വെബ്സൈറ്റിന്റെ ഉള്ളടക്കമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അഭിപ്രായപ്പെട്ടു.
https://www.modistory.in/ എന്ന വിലാസത്തില്‍ മോദിയുടെ ആരാധകര്‍ തുടങ്ങിയ വെബ്സൈറ്റ് മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ സുമിത്ര ഗാന്ധി കുല്‍ക്കര്‍ണിയാണ് ഉദ്ഘാടനം ചെയ്തത്.

