ദേശീയ പണിമുടക്ക്: സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ സജ്ജമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍

രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് മുന്നില്‍ കണ്ട് സംസ്ഥാനത്ത് ക്രമീകരണങ്ങള്‍ സജ്ജമെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ അറിയിച്ചു. ട്രഷറി ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പണിമുടക്ക് ട്രഷറി പ്രവര്‍ത്തനത്തെ ബാധിക്കും. അതേസമയം, കരാറുകാര്‍ക്ക് ബില്ല് മാറുന്നതില്‍ തടസമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.

‘രണ്ട് ദിവസം പൊതു പണിമുടക്കാണെന്ന് മുന്‍കൂട്ടി അറിയാവുന്നതാണ്. എന്നാലും, പെന്റിങ്ങില്‍ ധാരാളം ബില്ലുകളില്ല. വന്നതൊക്കെ എല്ലാം മാറി കൊടുക്കുന്നുണ്ട്. പണിമുടക്ക് സംസ്ഥാനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ട് വരാത്ത രീതയില്‍ അതിനുള്ള പണവും കണ്ടെത്തിയിട്ടുണ്ട്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ എംപിമാര്‍ കേരളത്തിന് വേണ്ടി ഒന്നും ചെയ്യാതെ, കെ -റെയിലിനെതിരെ സമരം നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് കിട്ടേണ്ട ഫണ്ട് കിട്ടാന്‍ വേണ്ടിയെങ്കിലും എം.പിമാര്‍ക്ക് വാദിച്ചു കൂടെയെന്നും മന്ത്രി ചോദിച്ചു.