കെ റെയിലിനെ തകർക്കാൻ ഗൂഢശ്രമം നടക്കുന്നു; പദ്ധതിക്കെതിരെയുള്ള സമരത്തിൽ തീവ്രവാദ സംഘടനകളുണ്ടെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ തകർക്കാൻ ഗൂഢ ശ്രമം നടക്കുകയാണെന്ന് മന്ത്രി സജി ചെറിയാൻ. ജനങ്ങളെ ബിജെപിയും കോൺഗ്രസും തെറ്റിദ്ധരിപ്പിക്കുകയാണ്. ചങ്ങനാശേരി അതിരൂപതയ്ക്ക് പദ്ധതിയോട് എതിർപ്പില്ല. കഴിഞ്ഞ ദിവസം ലേഖനത്തിൽ പ്രകടിപ്പിച്ചത് സഭയുടെ വികാരം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

സിൽവർലൈനുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഇന്ന് ജനങ്ങളോട് വിശദീകരിക്കും. പദ്ധതിയുടെ പ്രാഥമിക സർവേയ്ക്ക് ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, സിൽവർലൈൻ സമരത്തിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. കൊഴുവള്ളൂരിൽ എസ്യുസിഐ പ്രവർത്തകർ തമ്പടിച്ച് താമസിക്കുന്നു. എസ്യുസിഐ പ്രവർത്തകരാണ് ടയർ കത്തിക്കാനും പ്രതിഷേധിക്കാനും പഠിപ്പിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ പ്രതിഷേധത്തിന് പരിശീലനം നൽകുന്നു. കൊഴുവല്ലൂരിൽ പൊലീസിനെ ആക്രമിക്കാൻ ആയുധങ്ങൾ കരുതിയെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂർ കൊഴുവല്ലൂരിൽ സിൽവർലൈൻ വിശദീകരണയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

കരുണ പാലിയേറ്റിവിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവർക്ക് നന്ദി വേണം. ജനകീയ ലാബുകാർ വീട്ടിലെത്തുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. യൂത്ത് കോൺഗ്രസ് ആരോപിച്ച അനധികൃത സ്വത്ത് സംമ്പാദനത്തിനും അദ്ദേഹം മറുപടി നൽകി. രാഷ്ട്രീയ പ്രവർത്തനം കൊണ്ട് ഒന്നും നേടിയിട്ടില്ല. ഉയർന്ന യോഗ്യതകളുള്ള ഭാര്യക്ക് ഒരു ജോലി പോലും അനർഹമായി വാങ്ങിക്കൊടുക്കാൻ ശ്രമിച്ചിട്ടില്ല. പിതാവ് തന്ന സ്ഥലത്ത് 18 ലക്ഷം രൂപ ലോണെടുത്താണ് വീട് വെച്ചത്. ആ വീടാണ് പാലിയേറ്റീവ് സൊസൈറ്റിക്ക് കൊടുക്കുന്നതെന്നും സാമ്പത്തിക മോഹം ഉണ്ടായിരുന്നെങ്കിൽ ആ വീട് മക്കൾക്ക് കൊടുക്കുമായിരുന്നുവെന്നും അദ്ദേഹം വിശദമാക്കി.

പതിനായിരക്കണക്കിന് ആളുകൾക്ക് സഹായം കൊടുക്കുന്ന സംഘടനയാണ് കരുണ പാലിയേറ്റിവ്. ആ സംഘടനയെയാണ് പ്രതിപക്ഷം ആക്ഷേപിക്കുന്നത്. സാമ്പത്തികമായി വലിയ അടിത്തറയുള്ള കുടുംബത്തിൽ നിന്നാണ് താൻ വരുന്നത്. ഒരു രൂപയുടെ പോലും അഴിമതി നടത്താതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.