കൊച്ചി: നടൻ വിനായകനെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി. സിനിമ പ്രമോഷനുവേണ്ടി നടത്തിയ വാർത്താ സമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് വിനായകനെതിരെ പരാതി ലഭിച്ചത്. വിനായകന്റെ പരാമർശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോർച്ചയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശം. മീ ടൂവിനെ കുറിച്ചും തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചുമായിരുന്നു വിനായകൻ പറഞ്ഞത്. ‘എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? താൻ ചോദിക്കട്ടെ ഒരു പെണ്ണുമായി തനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്‌സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത്, നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് വേറെ ആർക്കെങ്കിലുമൊപ്പം സെക്‌സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും.’ – ഇതായിരുന്നു വിനായകന്റെ പരാമർശം.

