മലയാളം കടന്ന് ‘ഹൃദയം’; റീമേക്ക് മൂന്നു ഭാഷകളില്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തി മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ ഹൃദയം ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രശസ്ത പ്രൊഡക്ഷന്‍ കമ്പനികളായ ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് സ്വന്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

‘ഓര്‍മ്മ വെച്ച കാലം മുതല്‍ താന്‍ ഇഷ്ടപ്പെടുന്ന കമ്പനിയാണ് ധര്‍മ്മ പ്രൊഡക്ഷന്‍സ്. ഓരോ തവണയും ധര്‍മ്മയുടെ ലോഗോ സ്‌ക്രീനില്‍ തെളിയുമ്പോഴും തന്റെ മുഖത്ത് പുഞ്ചിരി തെളിയുമായിരുന്നു. അത് തന്നെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോകും. വര്‍ഷങ്ങളായി ഞാന്‍ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന രണ്ട് കമ്പനികള്‍ എന്റെ സിനിമയുടെ റീമേക്ക് അവകാശം നേടിയെടുക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. ധര്‍മ്മ പ്രൊഡക്ഷന്‍സ് മേധാവി കരണ്‍ ജോഹറും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് മേധാവി അപൂര്‍വ മേത്തയും വളരെ ഊഷ്മളമായാണ് എന്നെ ഓഫീസിലേക്ക് സ്വീകരിച്ചത്’ വിശാഖ് പോസ്റ്റില്‍ പറഞ്ഞു.

‘ഇരുവരോടുമൊപ്പം സമയം ചിലവഴിക്കാനായതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. സിനിമയോടുള്ള ഇരുവരുടെയും അഭിനിവേശം ശരിക്കും പ്രചോദനകരമാണ്. എന്നെപ്പോലൊരു പുതുമുഖത്തിനോട് സിനിമയുടെ നാനാവശങ്ങളെ പറ്റിയും അറിവു പകര്‍ന്നതിനു നന്ദി രേഖപ്പെടുത്തുന്നു’ അദ്ദേഹം പോസ്റ്റില്‍ പറയുന്നു. ‘ധര്‍മ്മ പ്രൊഡക്ഷന്‍സും മെറിലാന്‍ഡ് സിനിമാസും തമ്മിലുള്ള മനോഹരമായ യാത്രയുടെ തുടക്കം മാത്രമാണ് ‘ഹൃദയം’ എന്ന് ഞാന്‍ വിശ്വസിക്കുന്നു’ വിശാഖ് കൂട്ടിച്ചേര്‍ത്തു.