ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബുദ്ധിമുട്ടിലായ ശ്രീലങ്കയ്ക്ക് കൈത്താങ്ങായി ഇന്ത്യ. 40,000 ടൺ ഡീസൽ ശ്രീലങ്കയ്ക്ക് നൽകാനാണ് ഇന്ത്യയുടെ തീരുമാനം. നിലവിൽ വായ്പാ അടിസ്ഥാനത്തിൽ ശ്രീലങ്കയ്ക്ക് പെട്രോളിയം ഉൽപന്നങ്ങൾ നൽകുന്ന 500 മില്യൺ ഡോളറിന്റെ കരാറിന് പുറമെയാണ് പുതിയ സഹായ വാഗ്ദാനം.
700 കോടി ഡോളറാണ് നിലവിൽ ലങ്കയുടെ വിദേശകടം. ഇതു വീട്ടാൻ അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് 700 കോടി ഡോളർ വായ്പ ശ്രീലങ്ക ആവശ്യപ്പെട്ടിരുന്നു. പിന്നീട് 150 കോടി രൂപ ഇന്ത്യ ശ്രീലങ്കയ്ക്ക് നൽകി.
സാർക്ക് കറൻസി സഹകരണത്തിന്റെ ഭാഗമായി 40 കോടി ഡോളറും മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ്, ഇപ്പോൾ 40,000 ടൺ ഡീസൽ കൂടി നൽകാൻ തീരുമാനിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ രണ്ടു മാസത്തെ ക്രെഡിറ്റിൽ ആണ് ഇന്ധനം നൽകുന്നത്. ടൂറിസം, ഊർജ്ജ മേഖലകളിൽ സഹകരണവും വിവിധ മേഖലകളിൽ നിക്ഷേപവും നടത്തുമെന്ന് ഇന്ത്യ ശ്രീലങ്കയെ അറിയിച്ചിട്ടുണ്ട്.