സിൽവർലൈൻ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിയുടേത് ആസൂത്രിതമായ വ്യാജ പ്രചാരണം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിൽവർലൈൻ പദ്ധതിയെ കുറിച്ച് മുഖ്യമന്ത്രിയുടേത് ആസൂത്രിതമായ വ്യാജ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീലങ്കയുടെ ഗതി സംസ്ഥാനത്തിന് വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പി ആർ ഏജൻസി പറഞ്ഞു കൊടുത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിമാർ വരുമ്പോൾ പ്രധാനമന്ത്രി അനുഭാവപൂർവം കേൾക്കുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി സിൽവർലൈനിനോട് അനുഭാവം പ്രകടിപ്പിച്ചെന്നത് മുഖ്യമന്ത്രിയുടെ തെറ്റിദ്ധാരണ പരത്തുന്ന പിആർ പ്രചാരണമാണെന്ന് കഴിഞ്ഞ ദിവസം കെ സുരേന്ദ്രൻ അറിയിച്ചിരുന്നു.