തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിൽ 48 മണിക്കൂർ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകൾ. മാർച്ച് 28 രാവിലെ 6 മണി മുതൽ മാർച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക് നീണ്ടുനിൽക്കുക. 1947 ലെ ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് സെഷൻ 22(1) പ്രകാരം തൊഴിലുടമകൾക്ക് പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേന്ദ്രത്തിൽ ബിഎംഎസ് ഒഴികെ 20 ഓളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
മോട്ടോർ മേഖലയിലെ തൊഴിലാളികൾ പണിമുടക്കുന്നതോടെ വാഹനങ്ങൾ ഒന്നും ഓടില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കേന്ദ്രസർക്കാർ അടിക്കടി ഉയർത്തിക്കൊണ്ടിരിക്കുന്നത് കൂടി പരിഗണിച്ച് സ്വകാര്യ വാഹനങ്ങളും പണിമുടക്കിൽ സഹകരിക്കുന്നുണ്ട്. വ്യാപാര വാണിജ്യ സ്ഥാപനങ്ങളിൽ തൊഴിൽ ചെയ്യുന്നവർ പണിമുടക്കുന്നതോടെ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടക്കും. യാത്ര ഒഴിവാക്കുക, കടകൾ അടയ്ക്കുക, പണിമുടക്കുക എന്ന സന്ദേശം സംസ്ഥാന വ്യാപകമായി റയിൽവേസ്റ്റേഷനുകളിലും, ബസ്സ്റ്റാന്റുകളിലും, കടകൾ കയറിയിറങ്ങിയും എത്തിക്കുന്നുണ്ട്.
കർഷകസംഘടനകൾ, കർഷകതൊഴിലാളി സംഘടനകളും കേന്ദ്രസംസ്ഥാന സർവീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എൻഎൽ, എൽഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകൾ, തുറമുഖ തൊഴിലാളികൾ, പണിമുടക്കിൽ പങ്ക് ചേരും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയിൽവെ തൊഴിലാളികളുടെയും സംഘടനകൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ നടക്കുന്ന പൊതുപണിമുടക്കിന് കക്ഷിഭേദമന്യേ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ അറിയിച്ചിട്ടുണ്ട്. വ്യാപാരമേഖലയിലെ സംഘടനകളോടും, കേരള ചാപ്റ്റർ ഓഫ് ചേംബർ ഓഫ് കോമേഴ്സിനോടും പണിമുടക്കിൽ സഹകരിക്കണമെന്ന് ട്രേഡ് യൂണിയനുകൾ പൊതു അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
2021 നവംബർ 11ന് ന്യൂഡൽഹി തൊഴിലാളി കൺവെൻഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ 22 തൊഴിലാളി സംഘടനകൾ ചേർന്നാണ് പണിമുടക്കിൽ അണിനിരക്കുന്നത്. 12 ആവശ്യങ്ങൾ അടങ്ങുന്ന ഡിമാന്റ് നോട്ടീസ് കേന്ദ്രതൊഴിൽ മന്ത്രിക്ക് നൽകിയിരുന്നു. പാർലമെന്റിൽ പ്രശ്നം ഉന്നയിച്ചു. എന്നിട്ടും തൊഴിലാളി സംഘടനകളെ വിളിച്ച് പണിമുടക്ക് ഒഴിവാക്കാനെന്താണ് മാർഗം എന്ന് ആരായാൻ പ്രധാനമന്ത്രിയോ കേന്ദ്രതൊഴിൽ മന്ത്രിയോ തയ്യാറായിട്ടില്ല. പെട്രോൾ, ഡീസൽവില കഴിഞ്ഞ 3 ദിവസമായി തുടർച്ചയായി വർദ്ധിപ്പിക്കുകയാണ്. പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപ വർദ്ധിപ്പിച്ചത് ഇതാദ്യമാണ്.
തൊഴിലാളി വിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക. അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ 6 ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക ഉടൻ അംഗീകരിക്കുക. കാർഷികോൽപ്പന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിക്കുക., പൊതുമേഖല സ്വകാര്യവൽക്കരണവും, ദേശീയ ആസ്തി വില്പനയും നിർത്തി വക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവർക്ക് പ്രതിമാസം 7500 രൂപ നൽകുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികൾക്ക് സാർവത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക, അംഗൻവാടി, ആഷ, ഉച്ചഭക്ഷണ പാചകതൊഴിലാളികളുടെ ഓണറേറിയം വർദ്ധിപ്പിക്കുക, തൊഴിലാളികളായി അംഗീകരിക്കുക, കോവിഡ് പ്രതിരോധത്തിലെ മുൻനിരപ്രവർത്തകർക്കെല്ലാം ഇൻഷ്വൂറൻസ് പരിരക്ഷ ഉറപ്പാക്കുക, സമ്പന്നന്മാരുടെ നികുതി വർദ്ധിപ്പിച്ച് കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സേവനങ്ങളുടെ നിക്ഷേപം വർദ്ധിപ്പിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ കേന്ദ്ര എക്സൈസ്തീരുവ വെട്ടിക്കുറക്കുക, കരാർ/സ്കീം തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം അനുവദിക്കുക, പുത്തൻപെൻഷൻ പദ്ധതി റദ്ദാക്കി എല്ലാ തൊഴിലാളികളെയും പഴയ പെൻഷൻ പദ്ധതിക്ക് കീഴിൽ കൊണ്ടുവരിക., ഇപിഎഫ് പെൻഷൻ ഉടൻ വർദ്ധിപ്പിക്കുവാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടക്കുന്നത്.

