പരീക്ഷാക്കാലത്ത് കുട്ടികൾ വളരെ സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സമ്മർദ്ദം കാരണം പലപ്പോഴും പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ പോലും കുട്ടികൾക്ക് കഴിയാറില്ല. ഈ സമ്മർദ്ദം ഇല്ലാതാക്കാൻ ഏറ്റവും അധികം കരുതലെടുക്കേണ്ടത് രക്ഷിതാക്കളാണ്. കുട്ടികളിൽ നേരത്തേയുള്ള മാനസിക സമ്മർദ്ദങ്ങൾക്ക് പുറമെ അവരെ വീണ്ടും സമ്മർദ്ദത്തിലാഴ്ത്താൻ ശ്രമിക്കാതിരിക്കുക. ഇതാണ് പരീക്ഷക്കാലത്ത് രക്ഷിതാക്കൾ നിർബന്ധമായും ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.
മിക്ക രക്ഷിതാക്കളും പതിവായി ചെയ്യുന്നൊരു കാര്യമാണ് മറ്റ് കുട്ടികളുമായുള്ള താരതമ്യപ്പെടുത്തൽ. ഒരു കാരണവശാലും കുട്ടികൾ കേൾക്കെ ചെയ്യരുതാത്ത കാര്യമാണിത്. നമ്മുടെ കുട്ടിയെ മറ്റ് കുട്ടികളുമായി താരതമ്യപ്പെടുത്തി അവരെ സമ്മർദ്ദത്തിലാക്കാൻ മാതാപിതാക്കൾ ശ്രമിക്കരുത്. മറ്റ് കുട്ടികൾ എങ്ങനെയോ ആകട്ടെ, അവർ ഉയർന്ന മാർക്ക് വാങ്ങട്ടെ, നമ്മുടെ കുട്ടികൾ അവരുടെ കഴിവ് അനുസരിച്ച് മാർക്ക് വാങ്ങിയാൽ മാത്രം മതിയെന്ന് മാത്രം കുട്ടികളോട് പറയുക. തോൽവി നേരിട്ടാൽ പോലും അതിനെ അഭിമുഖീകരിക്കാനുള്ള കഴിവ് കുട്ടി നേടുന്നത് രക്ഷിതാക്കളിൽ നിന്നാണെന്ന് മനസിലാക്കണം.
തോൽവിയെ കുറിച്ച് പ്രതിപാദിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തോറ്റാൽ നിന്റെ ജീവിതം പോയി, ഭാവി പോയി എന്നുള്ള തരത്തിലുള്ള സംസാരങ്ങളും ഒഴിവാക്കണം. തുടർപഠന സാധ്യത ഇല്ലാതാകുമെന്ന ഭീഷണിയും പാടില്ല.

