മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരം നടന് സല്മാന് ഖാനെതിരെ സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമ പ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്കിയ കേസില്‍ ഏപ്രില്‍ 5 ന് നേരിട്ട് ഹാജരാകാന്‍ സല്‍മാന്‍ഖാനോട് കോടതി ഉത്തരവിട്ടു. താരത്തിന്റെ അംഗരക്ഷകന് മുഹമ്മദ് നവാസ് ഇഖ്ബാല്‍ ഷെയ്ഖിനും എതിരെയും കേസുണ്ട്.
‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പോലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പോലീസ് അറിയിച്ചു. പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുത്ത്, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മതിയായ കാരണങ്ങളുണ്ട്. അതിനാല്‍, കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കുന്നു’-മജിസ്ട്രേറ്റ് ആര്.ആര് ഖാന് പ്രതികരിച്ചു.
സൈക്കിള്‍ സവാരിക്കിടെ അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിക്കവെ പ്രകോപിതനായ സല്മാന് 2019 ഏപ്രില്‍ 24 ന് സല്മാന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു. പ്രശ്നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്ത്തകന് ചൂണ്ടിക്കാട്ടി.

