തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്. മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട് സുരക്ഷിതമാക്കാന്‍ സില്‍വര്‍ ലൈന്‍ അലൈന്മെന്റ് മാറ്റിയെന്നായിരുന്നു തിരുവഞ്ചൂര്‍ ആരോപിച്ചത്. അതേസമയം, ‘സില്‍വര്‍ ലൈനിന് എന്റെ വീടു വിട്ടു നല്‍കാം’ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് കുറിപ്പിലൂെ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
സില്‍വര്‍ ലൈനിന് എന്റെ വീട് വിട്ടുനല്‍കാം
ഞാന്‍ ചെങ്ങന്നൂരില്‍ കെ-റെയില്‍ അലൈന്മെന്റ് മാറ്റി എന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞുകേട്ടു. തിരുവഞ്ചൂരിന് കാര്യവിവരം ഉണ്ടെന്നായിരുന്നു എന്റെ ധാരണ. കെ റെയിലിന്റെ അലൈന്മെന്റില് എന്റെ വീട് വന്നാല്‍ പൂര്‍ണമനസ്സോടെ വീട് വിട്ടുനല്‍കാം. അലൈന്മെന്റ് തീരുമാനിക്കുന്നത് ഞാനല്ല. തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ എന്റെ വീട്ടിലൂടെ അലൈന്മെന്റ് കൊണ്ടുവരാം. എന്റെ കാലശേഷം വീട് കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് നല്‍കുമെന്നും ഡോക്ടര്‍മാരായ പെണ്മക്കള് അവരുടെ സൗജന്യസേവനം കരുണയ്ക്ക് നല്‍കുമെന്നും നേരത്തെ പറഞ്ഞിരുന്നതാണ്. അങ്ങനെയുള്ള എനിക്ക് കെ റെയിലിന് വീട് വിട്ടുനല്‍കാന്‍ കൂടുതല്‍ സന്തോഷമേയുള്ളൂ. വീട് സില്‍വര്‍ ലൈനിന് വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാം. അദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കരുണയ്ക്ക് കൈമാറിയാല്‍ മതി.

