റൗഡിസത്തെ പ്രോത്സാഹിപ്പിക്കും; ‘റൗഡി പ്രൊഡക്ഷന്‍സ്’ നിരോധിക്കണം; നയന്‍താരക്കും വിഘ്‌നേഷിനുമെതിരെ പോലീസ് കേസ്

തെന്നിന്ത്യന്‍ നായിക നയന്‍താരയ്ക്കും സംവിധായകന്‍ വിഘ്നേഷ് ശിവനും എതിരെ പോലീസ് കേസ്. ഇരുവരും ചേര്‍ന്ന് നടത്തുന്ന ‘റൗഡി പ്രൊഡക്ഷന്‍സിന്’ ‘റൗഡി’ എന്ന പേര് നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്നതാണ് നിര്‍മ്മാണക്കമ്പനിയുടെ പേര് എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കമ്പനിക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയും വിഘ്നേഷും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘നാനും റൗഡി താന്‍’. ഇരുവരും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. പിന്നീടാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിഘ്നേഷുമായി വിവാഹ നിശ്ചയം കഴിഞ്ഞതായി നയന്‍താര തന്നെ നേരത്തെ പൊതുവേദിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, വിവാഹത്തെ സംബന്ധിക്കുന്ന ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.