സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗം; തീരുമാനം ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന്‌

തിരുവനന്തപുരം: കേരളാ പോലീസിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക വിഭാഗത്തെ രൂപീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ഐജിയുടെ നേത്യത്വത്തിലാകും പ്രത്യേക വിഭാഗം പ്രവർത്തിക്കുക. 233 തസ്തികകളും പുതുതായി സൃഷ്ടിക്കും. ചതി, സാമ്പത്തിക തട്ടിപ്പുകൾ, പണമിടപാടുകൾ, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിങ്ങനെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഈ വിഭാഗത്തിനായിരിക്കും അന്വേഷണച്ചുമതല. ക്രൈംബ്രാഞ്ചിന്റെ കീഴിലായിരിക്കും ഈ വിഭാഗം പ്രവർത്തിക്കുക.

226 എക്‌സിക്യൂട്ടീവ് തസ്തികകളും 7 മിനിസ്റ്റീരിയൽ തസ്തികകളുമാണുണ്ടാകുക. ഒരു ഐ ജി, നാല് എസ് പി, 11 ഡി വൈ എസ് പി, 19 ഇൻസ്‌പെക്ടർമാർ, 29 എസ് ഐമാർ, 73 വീതം എസ് സി പി ഒ, സി പി ഒ, 16 ഡ്രൈവർമാർ എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് തസ്തികകൾ സൃഷ്ടിക്കുക.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ തസ്തികൾ രൂപീകരിക്കുന്നതിനെ ധനവകുപ്പ് എതിർത്തിരുന്നു. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ പുതിയ അന്വേഷണ സംഘം രൂപീകരിക്കാനുള്ള തീരുമാനം സ്വീകരിച്ചത്. എതിർപ്പ് മറികടക്കാൻ മുഖ്യമന്ത്രി ഡിജിപിയുടെ ശുപാർശ മന്ത്രിസഭ യോഗത്തിൽ വെയ്ക്കുകയായിരുന്നു.