നിര്‍മ്മാണ മേഖലയിലെ സാമഗ്രികളുടെ കൃത്രിമ വിലക്കയറ്റം അനുവദിക്കില്ല: മന്ത്രി പി. രാജീവ്‌

തിരുവനന്തപുരം: നിര്‍മ്മാണമേഖലയെ പ്രതിസന്ധിയിലാക്കുന്ന സാമഗ്രികളുടെ കൃത്രിമ വിലക്കയറ്റം അനുവദിക്കില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇത്തരത്തിലുള്ള വന്‍വിലക്കയറ്റം സംബന്ധിച്ച വിഷയം പരിശോധിക്കുമെന്നും സ്ഥിതി വിലയിരുത്തി സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ സിമന്റ് വിതരണക്കാരുടെ യോഗം വിളിച്ച് അമിത വില പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, നിര്‍മ്മാണ സാമഗ്രികളെ കേന്ദ്രം ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെ വിലകയറ്റത്തില്‍ ഇടപെടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ടായി. വിലക്കയറ്റത്തിന്റെ പുതിയ സാഹചര്യത്തില്‍ ആവശ്യമായ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ഇന്ധനവില വര്‍ധനവും വിലക്കയറ്റത്തിന് കാരണമായി. കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് കിലോയ്ക്ക് 22 രൂപയോളമാണ് കമ്പിക്ക് കൂടിയത്. ഒരു ചാക്ക് സിമന്റിന് 70 രൂപ വരെ കൂടി. അതേസമയ്, നിര്‍മ്മാണത്തൊഴിലാളികളുടെ കൂലിയും വര്‍ധിച്ചതോടെ നിര്‍മ്മാണത്തിന് ഇറങ്ങുന്നവര്‍ കൂടുതല്‍ പ്രതിസന്ധിയിലാണ്.