ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങളെ വിവിധ സംസ്ഥാനങ്ങളിലടക്കമുള്ള 86 ശതമാനം കര്‍ഷകരും പിന്തുണക്കുന്നതായി സുപ്രീംകോടതി നിയമിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും ഇടനിലക്കാരുടെയും പ്രതിപക്ഷ കര്‍ഷക സംഘടനകളുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. എന്നാല്‍, പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കണമെന്നുമാണ് സമിതിയുടെ നിര്‍ദ്ദേശം. കാര്‍ഷിക പരിഷ്കരണ നിയമങ്ങളെ പിന്തുണച്ച നിശബ്ദരായ ഭൂരിപക്ഷത്തോട് അനീതി കാട്ടിയെന്നും സമിതി കുറ്റപ്പെടുത്തി.
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ വഴിയോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന് വഴിയോ വേഗത്തിലാക്കണം. അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പാക്കണം. മേഖലയിലെ തര്‍ക്ക പരിഹാരത്തിനായി സിവില്‍ കോടതിയോ ആര്ബിട്രേഷന് സംവിധാനങ്ങളോ കര്‍ഷകര്‍ക്ക് അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി, ഷേത്കാരി സംഘടനാ പ്രസിഡന്റ് അനില്‍ ഗണ്‍വത്, ഇന്റര്‍നാഷണല്‍ ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രമോദ് കുമാര്‍ ജോഷി, ഭാരതീയ കിസാന്‍ യൂണിയന് പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മാന്‍ എന്നിവരാണ് സുപ്രീം കോടതി നിയമിച്ച സമിതിയിലെ അംഗങ്ങള്‍.

