സ്ത്രീ പീഡനക്കേസുകളിലെ പ്രതിയെയാണ് ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചത്; രൂക്ഷവിമര്‍ശനവുമായി ബിജെപി

തിരുവനന്തപുരം: സംവിധായകന്‍ അനുരാഗ് കശ്യപിനെ ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നിരവധി സ്ത്രീ പീഡന കേസുകളിലെ പ്രതിയെയാണ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷണിച്ചതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ‘യുപി സര്‍ക്കാര്‍ നാട്ടില്‍ കയറ്റാത്ത അനുരാഗ് കശ്യപിനെ കൊച്ചിയില്‍ താമസിപ്പിക്കാന്‍ പോവുകയാണ്. സ്ത്രീ പീഡനകേസിലെ പ്രതിയെ ഇരയായ നടിയെ കൊണ്ട് ഷാള്‍ അണിയിപ്പിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അനുരാഗ് കശ്യപിനെ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണനും രംഗത്തെത്തി. മീടു കേസിലും ബലാത്സംഗക്കേസിലും നികുതിവെട്ടിപ്പ് കേസിലും പ്രതിയായ സംവിധായകനെ ക്ഷണിച്ചതു മൂലം മലയാളികളെ മുഴുവന്‍ അപമാനിക്കുകയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് ചെയ്തതെന്ന് രാധാകൃഷ്ണന്‍ കൊച്ചിയില്‍ ആരോപിച്ചു. കശ്യപിനെപ്പോലൊരാള്‍ക്ക് താമസിക്കാന്‍ പറ്റിയ ഇടമാണ് കേരളമെന്ന പ്രസ്താവന പിന്‍വലിക്കാന്‍ രഞ്ജിത് തയ്യാറാകണമെന്നും എ. എന്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

അനുരാഗ് കശ്യപ് ഒരു ഇരയാണ്. ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായി. അവിടെ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത് പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.