തിരുവനന്തപുരം: കെ റെയിലിനെതിരായ ജനകീയ സമരത്തെ വർഗീയവത്കരിച്ച് അടിച്ചമർത്താനുള്ള സർക്കാർ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്റെ മറവിൽ സർക്കാർ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏത് ഹീനതന്ത്രം പയറ്റിയും സമരം അവസാനിപ്പിക്കാനാണ് വിറളിപൂണ്ട സർക്കാർ ശ്രമിക്കുന്നതെന്നെന്നും ഇതിന്റെ ഭാഗമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സമരക്കാരെ തീവ്രവാദികളായി ചീത്രികരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കെ റെയിലിന്റെ കല്ലിടൽ തടഞ്ഞാൽ നിയമനടപടി സ്വീകരിക്കുമെന്നും ജയിലിടയക്കുമെന്നുമാണ് സർക്കാരിന്റെ ഭീഷണി. ജീവിക്കാനുള്ള പോരാട്ടത്തിന്റെ പേരിൽ സാധാരണ ജനങ്ങളെ ജയിലിലടക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ അതിനെ കോൺഗ്രസ് ശക്തമായി പ്രതിരോധിക്കും. നിയമത്തിന്റെ വാളോങ്ങി ജനകീയ പ്രതിഷേധാഗ്നി കെടുത്താമെന്ന മൂഢസ്വർഗത്തിലാണ് മുഖ്യമന്ത്രി. കുട്ടികളെയും സ്ത്രീകളെയും നടുത്തെരുവിൽ കൈകാര്യം ചെയ്യാൻ പൊലീസിന് മുഖ്യമന്ത്രി മൗനാനുവാദം നൽകി. അനാവശ്യ ധാർഷ്ട്യവും പിടിവാശിയും മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സർക്കാർ ശ്രമം. അതിന് ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രിയുടെ വാക്കുകൾ. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ ആർക്കുവേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാർക്കശ്യം പിടിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരും കെ റെയിൽ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയിൽ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫർ സോണില്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോൾ അതിനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കെ റെയിൽ എം ഡി. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിൽ നിന്നും 5 മീറ്റർ വരെ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റർ വരെയുള്ള നിർമാണത്തിന് അനുമതി വേണം എന്നാണ് കെ റെയിൽ എം ഡി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

