20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി; സര്‍വേയുമായി സര്‍ക്കാര്‍ വീടുകളിലേക്ക്‌

മലപ്പുറം: കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ വഴി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി തൊഴില്‍ നൈപുണി നേടിയ യുവതീ യുവാക്കളെ കണ്ടെത്താന്‍ സര്‍വേയുമായി സംസ്ഥാന സര്‍ക്കാര്‍. 18-59 വയസുള്ള പ്ലസ് ടു മുതല്‍ പിഎച്ച്ഡി വരെ യോഗ്യതയുള്ളവരിലാണ് സര്‍വേ നടത്തുന്നത്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ മെയ് ആദ്യവാരമാണ് സര്‍വേ ആരംഭിക്കുക. സര്‍വേക്കുള്ള മാര്‍ഗ നിര്‍ദ്ദേശം കില അടുത്ത ദിവസം പുറത്തിറക്കും.

ഇന്ത്യയില്‍ ആദ്യമായാണ് തൊഴില്‍ അന്വേഷകരെത്തേടി സര്‍ക്കാര്‍ വീടുകളിലെത്തുന്നത്. തൊഴില്‍ ആര്‍ക്കൊക്കെ ആവശ്യമുണ്ട്, എത്ര സ്ത്രീകള്‍ തൊഴില്‍ സന്നദ്ധരാണ് എന്നിവ കണ്ടെത്താനാണ് സര്‍വേ നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അഭിരുചി, ജോലി സന്നദ്ധത, കൂടുതല്‍ പരിശീലനം ആവശ്യമാണോ, ഭാഷാ നൈപുണി തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ച് ആപ്പില്‍ അപ്ലോഡ് ചെയ്യും. തുടര്‍ന്ന് കെ ഡിസ്‌കിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഇവരെ രജിസ്റ്റര്‍ ചെയ്യും. പിന്തുണ നല്‍കാനായി കുടുംബശ്രീവഴി തദ്ദേശ സ്ഥാപനങ്ങളില്‍ ഡിജിറ്റല്‍ കമ്യൂണിറ്റി അംബാസഡര്‍മാരെയും നിയോഗിക്കും.

പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് പരിശീലനം നല്‍കും. ഓഫീസ് ജോലി, പാര്‍ട് ടൈം തൊഴില്‍, വര്‍ക്ക് ഫ്രം ഹോം എന്നിങ്ങനെ മൂന്ന് തലത്തിലാണ് കെ-ഡിസ്‌ക് സഹായം നല്‍കുക.