ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടൽ; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ ഛത്രപതി ശിവജിയുടെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. നിസാമബാദ് ജില്ലയിലെ ബോധൻ ടൗണിലാണ് സംഭവം. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തെലുങ്കാന രാഷ്ട്രസമിതി, എ ഐഎം ഐഎം ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് നിസാമബാദിലെ ബിജെപി എംപി ധർമപുരി അരവിന്ദ് വ്യക്തമാക്കി. ബോധൻ ടൗണിൽ സ്ഥാപിക്കാനുള്ള ശിവജിയുടെ പ്രതിമ രാത്രിയിലാണ് ഒരു വിഭാഗം കൊണ്ടുവന്നത്. ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മറു വിഭാഗം കല്ലേറ് നടത്തുകയായിരുന്നുവെന്ന് നിസാമബാദ് പൊലീസ് കമ്മീഷണർ കെ.ആർ. നാഗരാജു അറിയിച്ചു.

കണ്ണീർ വാതകം പ്രയോഗിച്ചാണ് പോലീസ് അക്രമികളെ പിരിച്ചുവിട്ടത്. സംഘർഷസ്ഥലത്ത് പോലീസ് പിക്കറ്റ് ഏർപ്പെടുത്തുകയും ചെയ്തു.