ന്യൂഡൽഹി: ഇന്ത്യയിൽ വലിയ നിക്ഷേപം നടത്താനൊരുങ്ങി ജപ്പാൻ. രാജ്യത്ത് അഞ്ച് വർഷത്തിനുള്ളിൽ 3.2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ജപ്പാന്റെ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ലോകം ഇപ്പോഴും കൊവിഡ് പ്രതിസന്ധിയോടുള്ള പോരാട്ടത്തിലാണെന്നും സാമ്പത്തിക രംഗത്തെ തിരിച്ചുവരവിന് ഇപ്പോഴും തടസങ്ങളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാനുമായുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നത് പുരോഗതിയിലേക്കും സാമ്പത്തിക സ്ഥിരതയിലേക്കുമുള്ള പാതയാണ് തുറക്കുന്നത്. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ആറ് കരാറുകളിൽ ഒപ്പിട്ടുവെന്നും ക്ലീൻ എനർജി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ലോക ക്രമത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണ് യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശമെന്ന് ഫുമിയോ കിഷിദ അഭിപ്രായപ്പെട്ടു. ആദ്യമായാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഇന്ത്യയിൽ സന്ദർശനത്തിനെത്തുന്നത്. ജപ്പാനിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ദ്ധരും ഉൾപ്പെട്ട സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

