കശ്മീര്‍ ഫയല്‍സ് സൗജന്യമായി കാണാമെന്ന ലിങ്കുകളില്‍ തൊടരുത്! സൈബര്‍ വിദഗ്ദരുടെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയിലേക്ക് സൗജന്യ ആക്സസ് നല്‍കുമെന്ന വ്യാജേന വാട്‌സ്ആപ്പിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ലഭിക്കുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്ന് മുന്നറിയിപ്പ്.

വാട്‌സ്ആപ്പില്‍ ലഭിക്കുന്ന ലിങ്ക് ക്ലിക് ചെയ്യുമ്പോള്‍, ഉപയോക്താവ് അറിയാതെ ഒരു വൈറസ് ഫോണിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നു. ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, അവ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കിംഗ് വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങുന്നു. കൂടാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയും ചെയ്യുന്നു. തട്ടിപ്പുകാര്‍ക്ക് സ്ഥിരീകരണത്തിനായി ബാങ്ക് അയച്ച ഒടിപിയും മോഷ്ടിക്കാന്‍ കഴിയുമെന്ന് സൈബര്‍ വിദഗ്ദര്‍ പറയുന്നു. സന്ദേശം അയച്ചത് പരിചിതമായ ആളാണെങ്കില്‍ പോലും സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക് ചെയ്യരുതെന്ന് വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തരേന്ത്യയില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ വലിയ തോതില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദന്‍ ഡോ. അനന്ത് പ്രഭു ജി അറിയിച്ചു.