‘അങ്ങനെ പറഞ്ഞിട്ടില്ല, വ്യാഖ്യാനം മാത്രം’; വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് അസീസ്‌

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് ജെബി മേത്തര്‍ പണം കൊടുത്താണ് വാങ്ങിയതെന്ന് പറഞ്ഞിട്ടില്ലെന്നും അത് വ്യാഖ്യാനം മാത്രമാണെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ. എ അസീസിന്റെ വിശദീകരണം. ആര്‍എസ്പി ഇപ്പോഴും യുഡിഎഫിന്റ ഭാഗമാണെന്നും രണ്ട് സീറ്റുകളും ന്യൂനപക്ഷത്തിനാണ് കൊടുത്തതെന്നുമാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

‘കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പേയ്‌മെന്റ് സീറ്റാണ്. ജെബി മേത്തര്‍ സീറ്റ് പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു അസീസ് ആര്‍വൈഎഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞത്. എന്നാല്‍, ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു അദ്ദേഹം.

അതേസമയം, ആരോപണം അവജ്ഞയോടെ തള്ളിക്കളയുകയാണ്. യുഡിഎഫില്‍ പ്രശ്‌നമുണ്ടാക്കാന്‍ കുറേ കാലമായി അസീസ് ശ്രമിക്കുന്നുണ്ട്. ആരോപണം ഉന്നയിച്ചവര്‍ അത് തെളിയിക്കണം. ആരാണ് പണം കൊടുത്തതെന്നും അത് ആര് വാങ്ങിയെന്നും അസീസ് തെളിയിക്കട്ടെയെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. വിവാദപരാമര്‍ശത്തില്‍ അസീസിനെതിരെ നടപടിയെടുക്കണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.