ബംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ മൂന്ന് മണിക്ക് ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം അവിടെ നിന്ന് നവീന്റെ ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് ഒന്നിനാണ് ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥി നവീൻ എസ് ജ്ഞാനഗൗഡർ കൊല്ലപ്പെട്ടത്. ഖാർകീവ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു കർണാടക ഹാവേരി ചാലഗേരി സ്വദേശിയായ നവീൻ.
അവശ്യസാധനങ്ങൾ വാങ്ങാനായി സൂപ്പർമാർക്കറ്റിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം നടന്നത്. നിരവധി പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സാഹചര്യം അനുകൂലമായാൽ മാത്രമേ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ കഴിയൂവെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

