കിടത്തി ചികിത്സക്ക് മുന്നോടിയായുള്ള കൊവിഡ് പരിശോധന വേണ്ടെന്ന് നിര്‍ദ്ദേശം

കൊല്ലം: ആശുപത്രികളിലെ കിടത്തി ചികിത്സക്ക് മുന്നോടിയായിയുള്ള കൊവിഡ് പരിശോധന ഇനി നടത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. പനി ലക്ഷണങ്ങളുള്ളവര്‍ മാത്രം പരിശോധനയ്ക്കു വിധേയരായാല്‍ മതി. ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തുന്നവര്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പരിശോധന വേണ്ട. മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്ക് ബാധകമാണ് പുതിയ തീരുമാനം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന കൊവിഡ് രോഗികള്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശമുണ്ട്. കൊവിഡ് ബാധിച്ച ഗര്‍ഭിണികളുടെ പ്രസവം അതത് ആശുപത്രികളില്‍ തന്നെ നടത്തണം. എന്നാല്‍, ഒരു തിയേറ്റര്‍ മാത്രമുള്ള ആശുപത്രികളില്‍ പ്രസവത്തിനെത്തുന്ന കൊവിഡ് ബാധിച്ച ഗര്‍ഭിണികളെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധമല്ലെന്നു ആരോഗ്യവകുപ്പ് നേരത്തെ തന്നെ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. എന്നാല്‍, ചില സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധപൂര്‍വം പരിശോധന നടത്തുന്നതായി പരാതിയുണ്ട്.