ന്യൂഡൽഹി: യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇപ്പോഴും എണ്ണ വാങ്ങിക്കൂട്ടുമ്പോൾ ഇന്ത്യ മാത്രം റഷ്യയോട് നിയന്ത്രണങ്ങൾ പാലിക്കണമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്ന് കേന്ദ്രം. റഷ്യയിൽ നിന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) കഴിഞ്ഞ ദിവസം വൻ വിലക്കിഴിവിൽ 30 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ വാങ്ങിയതിനെതിരെ ചില പാശ്ചാത്യകേന്ദ്രങ്ങളിൽ നിന്നും ഇന്ത്യയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര് സർക്കാരിന്റെ പ്രതികരണം.
റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ പ്രഖ്യാപിക്കുമ്പോഴും മറ്റ് യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ എണ്ണ വാങ്ങുന്നുണ്ട്. നെതർലാന്റ്‌സ്, ഇറ്റലി, പോളണ്ട്, ഫിൻലാന്റ്, ലിത്വാനിയ, റൊമാനിയ എന്നിവയെല്ലാം റഷ്യയുടെ എണ്ണയെ ആശ്രയിക്കുന്നവരാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
റഷ്യയിൽ നിന്നുള്ള എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിന് തടസ്സമില്ലാത്ത രീതിയിലാണ് യൂറോപ്യൻ രാജ്യങ്ങൾ റഷ്യയെ ഉപരോധിക്കുന്നത്. യൂറോപ്യൻ യൂണിയനിൽപെട്ട രാജ്യങ്ങൾ ഇപ്പോഴും റഷ്യൻ ബാങ്കുകളെ സ്വിഫ്റ്റിൽ നിന്നും പുറത്താക്കിയിട്ടില്ല. അതായത് യൂറോപ്യൻ രാഷ്ട്രങ്ങൾക്ക് ഇപ്പോഴും അവരുടെ കറൻസികളിൽ റഷ്യൻ ബാങ്കുകൾ വഴി പണമടച്ച് എണ്ണ വാങ്ങാം. ഇങ്ങിനെയുള്ള രാജ്യങ്ങൾക്ക് ഇന്ത്യ മാത്രം റഷ്യയോട് പരിമിതമായി എണ്ണക്കച്ചവടം നടത്തണമെന്ന് ശഠിക്കാനാവില്ല. ഇന്ത്യ തീർച്ചയായും കുറഞ്ഞ വിലയ്ക്ക് എണ്ണ കിട്ടാവുന്ന മാർഗ്ഗങ്ങൾ അന്വേഷിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

