തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിൽ അതൃപ്തിയുമായി സംസ്ഥാന കോൺഗ്രസ്. ഇത്തരക്കാരുടെ പേരുകൾ ചർച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. എഐസിസി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണനെ കേരളത്തിൽ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വം ആരംഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചത്. കെപിപിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇതുസംബന്ധിച്ച നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
യുവത്വവും പരിചയ സമ്പന്നതയും ഒത്തു ചേർന്ന വ്യക്തികളെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനാണ് സംസ്ഥാന നേതൃത്വം ആഗ്രഹിക്കുന്നതെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തിന് അവസരം നൽകുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും അത്തരത്തിലുള്ള പരിഗണനകൾ അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരൻ ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും.
എം ലിജുവിനെ സ്ഥാനാർത്ഥിയാക്കാനുള്ള കെ സുധാകരന്റെ നീക്കത്തിനെതിരെ കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റവരെ പരിഗണിക്കരുതെന്നും തോറ്റവർ അതാത് മണ്ഡലങ്ങളിൽ പോയി പ്രവർത്തിക്കട്ടെയെന്നും വ്യക്തമാക്കി അദ്ദേഹം സോണിയാ ഗാന്ധിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

