കേരളത്തിലെ ആദിവാസികളുടെ ദുരവസ്ഥ മനസിലാക്കാന്‍ കേന്ദ്രം ട്രൈബല്‍ കമ്മീഷനെ അയക്കണം: സുരേഷ് ഗോപി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ദേശീയ ഗിരിവര്‍ഗ കമ്മീഷന്‍ കേരളം സന്ദര്‍ശിക്കണമെന്ന് ഗിരിവര്‍ഗക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ടയോട് രാജ്യസഭയില്‍ അഭ്യര്‍ത്ഥിച്ച് സുരേഷ് ഗോപി എം.പി.

‘കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നില്ല. കോളനികളില്‍ കുടിവെള്ളവും വൈദ്യുതിയുമില്ലാത്ത അവസ്ഥയാണുള്ളത്. എന്റെ കൈയില്‍ ഇതിന്റെ റിപ്പോര്‍ട്ടുകളൊന്നുമില്ല. പക്ഷേ അടുത്തിടെ നടത്തിയ സന്ദര്‍ശനത്തില്‍ ശേഖരിച്ച വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. മൂന്നുദിവസം മുമ്പ് വയനാട്ടില്‍ 140 കോളനികളെ ഉള്‍പ്പെടുത്തി 27 യോഗങ്ങള്‍ ചേര്‍ന്നപ്പോഴാണ് ആദിവാസികളുടെ ദുരവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞെങ്കിലും അതൊന്നും കേരളത്തില്‍ സമയത്തും കൃത്യമായും നടക്കുന്നില്ല. അവിടങ്ങളിലെല്ലാം കുടിവെള്ളം, പാര്‍പ്പിടം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രശ്‌നങ്ങളുണ്ട്’- സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

’12 വര്‍ഷംമുമ്പ് സംസ്ഥാനം പുനരധിവസിപ്പിച്ച ആദിവാസികള്‍ ഇപ്പോഴും വളരെ പരിതാപകരമായ അവസ്ഥയിലാണ് കഴിയുന്നത്. പ്രധാനമന്ത്രിയുടെ കര്‍മപദ്ധതിപ്രകാരം തിരഞ്ഞെടുത്ത ഇടുക്കിയിലെ ഇടമലക്കുടിയില്‍ വൈദ്യുതി ഇതുവരെ നല്‍കിയില്ല. എന്റെ എം.പി. ഫണ്ടില്‍നിന്നുള്ള തുക കളക്ടര്‍ അവിടെ ചിലവഴിക്കാന്‍ തയ്യാറായിട്ടില്ല. ഇതിന് സി.പി.എം. അംഗമായ ജോണ്‍ ബ്രിട്ടാസ് മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.