സ്‌കൂള്‍ ലൈബ്രറികളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ 10,000 പുസ്തകങ്ങളുള്ള സ്‌കൂള്‍ ലൈബ്രറികളില്‍ പാര്‍ട്ട് ടൈം ലൈബ്രേറിയനെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സ്‌കൂള്‍ ലൈബ്രറികള്‍ ശക്തിപ്പെടുത്തി വിദ്യാര്‍ഥികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ പദ്ധതിയായ ‘വായനയുടെ വസന്ത’ത്തിലൂടെ സ്‌കൂളുകള്‍ക്കു നല്‍കുന്ന 9.58 കോടി രൂപയുടെ പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

‘സ്‌കൂള്‍ ലൈബ്രറി, ലാബ് എന്നിവ സംബന്ധിച്ച് അധ്യാപകര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ചെറിയ ലൈബ്രറിയുള്ള സ്‌കൂളുകളില്‍, വായനയില്‍ താല്‍പ്പര്യമുള്ള അധ്യാപകന് ലൈബ്രറിയുടെ ചുമതല നല്‍കും. സ്‌കൂള്‍ ലൈബ്രറിയിലേക്കു പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതിയില്‍ പ്രസാധകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കണം. പ്രിന്റ് ചെയ്തു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്ന ഇടമാക്കി ഇതിനെ മാറ്റാന്‍ അനുവദിക്കില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനു യോഗ്യമായതും ഉപരിപഠനത്തിനു പ്രയോജനപ്പെടുന്നതുമായ പുസ്തകങ്ങളായിരിക്കണം വിതരണം ചെയ്യേണ്ടത്. 93 പ്രസാധകരുടെ 9.58 കോടിയുടെ പുസ്തകങ്ങളാണു പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ അനാരോഗ്യകരമായ ഒരു നടപടിയും വച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. അനാവശ്യമായി ഫയലുകള്‍ പൂഴ്ത്തിവയ്ക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കും’- മന്ത്രി വ്യക്തമാക്കി.

നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ‘വായനയുടെ വസന്തം’ എന്ന പദ്ധതി പ്രഖ്യാപിച്ചത്. 1438 സ്‌കൂളുകളാണ് പുസ്തകങ്ങള്‍ ഇന്‍ഡന്റ് ചെയ്തിട്ടുള്ളത്. കൂടാതെ, 85 തമിഴ് മീഡിയം സ്‌കൂളുകള്‍ക്കും 96 കന്നട മീഡിയം സ്‌കൂളുകള്‍ക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആകെ 1619 സ്‌കൂളുകള്‍ ആണ് ഈ വര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.