ന്യൂഡൽഹി: രാജ്യസഭാ സ്ഥാനാർത്ഥിയായി ശ്രീനിവാസൻ കൃഷ്ണനെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര നീക്കത്തിൽ നിലപാട് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. രാജ്യസഭ സ്ഥാനാർഥിത്വത്തിന് അർഹതയുള്ള നിരവധിപ്പേർ സംസ്ഥാനത്ത് തന്നെ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 നേതാക്കളിലൊരാളാണ് പിജെ കുര്യൻ. ദേശീയതലത്തിൽ നേതൃമാറ്റം അനിവാര്യമാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പവർത്തന ശൈലിക്കെതിരെ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അ്രതൃപ്തി ഉയർന്നെന്നും പി ജെ കുര്യൻ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി ഒറ്റക്ക് തീരുമാനമെടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു. പാർട്ടി ഒരു ചെറു ഗ്രൂപ്പിന്റെ കൈയിലാണ്. പാർട്ടിയിൽ കൂട്ടായ തീരുമാനങ്ങളില്ല. സോണിയ ഗാന്ധിയെ നിർജ്ജീവമാക്കുന്ന നടപടി പാർട്ടിയിലുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് ശ്രീനിവാസൻ കൃഷ്ണൻ. തൃശൂർ സ്വദേശിയാണെങ്കിലും സംസ്ഥാന കോൺഗ്രസിലും പ്രവർത്തകർക്കിടയിലും ഇദ്ദേഹത്തിന് അത്ര വേരുകളില്ല. 2018 ലാണ് ശ്രീനിവാസൻ കൃഷ്ണൻ എഐസിസി സെക്രട്ടറിയാകുന്നത്.
സംസ്ഥാന നേതൃത്വത്തിനോ പ്രവർത്തകർക്കോ പരിചിതരല്ലാത്ത നേതാക്കളെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തിൽ അതൃപ്തിയുമായി സംസ്ഥാന കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാരുടെ പേരുകൾ ചർച്ചയാകുന്നത് പോലും ഗുണം ചെയ്യില്ലെന്നാണ് നേതൃത്വത്തിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. കെപിപിസി അദ്ധ്യക്ഷൻ കെ സുധാകരൻ ഇതുസംബന്ധിച്ച നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

