ചണ്ഡീഗഡ്: തെരഞ്ഞെടുപ്പിന് മുൻപ് വാഗ്ദ്ധാനങ്ങൾ നിരത്തുന്ന പാർട്ടികൾ അധികാരത്തിലേറിയാൽ അതിൽ പലതും നടപ്പാക്കാറില്ല. എന്നാൽ ആംആദ്മി പാർട്ടി ഇതിൽ നിന്നും വ്യത്യസ്ഥമായിരുന്നു. ഡൽഹിയിൽ അധികാരത്തിലെത്തിയ കെജ്രിവാൾ സർക്കാർ സൗജന്യ വൈദ്യുതി, ജലം തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ജനങ്ങൾക്ക് നൽകിയത്. ഇതെല്ലാമാണ് ആംആദ്മി പാർട്ടി പഞ്ചാബിൽ വിജയം നേടാൻ കാരണം.
തങ്ങൾ നൽകിയ വാഗ്ദ്ധാനങ്ങളെല്ലാം ഉടൻ നടപ്പിലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, പഞ്ചാബിൽ ആം ആദ്മി വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ വലിയ വെല്ലുവിളി തന്നെ നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. ആം ആദ്മി പാർട്ടി പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ പ്രധാനപ്പെട്ട രണ്ട് വാഗ്ദ്ധാനങ്ങളായിരുന്നു വീടുകൾക്ക് ഓരോന്നിനും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഓരോ സ്ത്രീക്കും 1,000 രൂപ ധനസഹായവും നൽകുമെന്നത്. എന്നാൽ ഈ രണ്ട് വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ മാത്രം 20,600 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് വിലയിരുത്തപ്പെടുന്നത്.
പഞ്ചാബ് വലിയ സാമ്പത്തിക ബാദ്ധ്യതയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. 2.82 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയാണ് പഞ്ചാബിനുള്ളത്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വാഗ്ദ്ധാനം കൂടി നടപ്പിലാക്കാനാവുമോ എന്നും സാമ്പത്തിക വിദഗ്ദ്ധർ ചോദിക്കുന്നു. സർക്കാരിന് വരുമാനം വർദ്ധിപ്പിക്കാനുള്ള ഒരു വഴി നികുതി വർദ്ധിപ്പിക്കലാണ്. എന്നാൽ പഞ്ചാബിൽ എഎപി അധികാരത്തിലെത്തിയാൽ പുതിയ നികുതി ചുമത്തില്ലെന്നും കെജ്രിവാൾ വാഗ്ദ്ധാനം ചെയ്തിരുന്നു.
എല്ലാ മാസവും 300 യൂണിറ്റ് സൗജന്യ വൈദ്യുതി പദ്ധതി സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കണമെങ്കിൽ കുറഞ്ഞത് 5000 കോടിയെങ്കിലും സബ്സിഡി നൽകേണ്ടി വരും. ഇതിന് പുറമേ സ്ത്രീകൾക്കുള്ള ആയിരം രൂപ ധനസഹായം നൽകണമെങ്കിൽ 15,600 കോടി രൂപ കൂടി കണ്ടെത്തണം. പതിനെട്ട് വയസിന് മുകളിൽ 1.3 കോടി സ്ത്രീകളാണ് പഞ്ചാബിലുള്ളത്. ഡൽഹിയിൽ സുരക്ഷ ഉൾപ്പടെയുള്ള സേവന മേഖലകൾ കേന്ദ്ര സർക്കാർ നേരിട്ടാണ് നടത്തുന്നത്. എന്നാൽ പഞ്ചാബിൽ എല്ലാ ഉത്തരവാദിത്തങ്ങളും സംസ്ഥാന സർക്കാരിന്റെ ചുമതലയായിരിക്കും. അതിനാൽ തന്നെ ഡൽഹിയിലെ പോലെ കാര്യങ്ങൾ ചെയ്യാൻ ആംആദ്മി സർക്കാർ പ്രയാസപ്പെടും.

