ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാിന്റെ ‘ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍’ പദ്ധതിയുടെ നയവും നടപ്പാക്കുന്ന രീതിയും ശരിവെച്ച് സുപ്രീം കോടതി. പ്രതിരോധ സേനകളില്‍ നിന്നു വിരമിച്ചവര്‍ക്കുള്ള പദ്ധതിയാണിത്. സര്‍ക്കാര്‍ നയം ഭരണഘടനാപരമായി ദുര്‍ബലമാണെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നും അതുകൊണ്ടു തന്നെ നയപരമായ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നും കോടതി അറിയിച്ചു.
ഒരേ കാലയളവ് സര്‍വീസുള്ള, ഒരേ റാങ്കില്‍ വിരമിച്ച എല്ലാവര്‍ക്കും ഒരേ പെന്‍ഷന്‍ നല്‍കാന്‍ 2015 നവംബര്‍ 7നാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതുപ്രകാരം ഓരോ 5 വര്‍ഷം കൂടുമ്പോഴാണ് പെന്‍ഷന്‍ പരിഷ്‌കരിക്കുക. 2013 അടിസ്ഥാനമാക്കി പദ്ധതി നടപ്പാക്കുമെന്നും വിജ്ഞാപനത്തിലുണ്ടായിരുന്നു. എന്നാല്‍, ഈ മാനദണ്ഡങ്ങള്‍ക്കു പകരം പദ്ധതി നടപ്പാക്കുന്നതിന്റെ അടിസ്ഥാനവര്‍ഷം 2014 ആക്കണമെന്നും, ഓരോ വര്‍ഷവും പെന്‍ഷന്‍ പരിഷ്‌കരണമെന്നുമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്. പാര്‍ലമെന്റില്‍ നല്‍കിയ ഉറപ്പില്‍ നിന്നു വ്യത്യസ്തമായിരുന്നു 2015 ലെ വിജ്ഞാപനമെന്നും വാദിച്ചു. എന്നാല്‍, ഇതെല്ലാം കോടതി തള്ളുകയായിരുന്നു.
അതേസമയം, 5 വര്‍ഷം കൂടുമ്പോള്‍ നല്‍കേണ്ട പെന്‍ഷന്‍ വര്‍ധന 2019 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ ഈ പരിഷ്‌കരണം നടപ്പാക്കിയിരുന്നില്ല. കുടിശിക 3 മാസത്തിനുള്ളില്‍ നല്‍കാനും വിധിയില്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്‌സര്‍വീസ് മൂവ്‌മെന്റ് നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചത്.

