മോസ്‌കോ: യുക്രൈനിലെ യുദ്ധത്തിൽ നിന്ന് എത്രയും പെട്ടെന്ന് പിന്മാറണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് രാജ്യാന്തര നീതിന്യായ കോടതി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ 15 ഇന രൂപ രേഖ തയ്യാറാകുന്നതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റഷ്യ തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറുകയും അനധികൃതമായി യുദ്ധത്തിനെത്തുകയുമായിരുന്നെന്ന യുക്രൈന്റെ പരാതിയിലാണ് അന്താരാഷ്ട്ര കോടതി വിധി പ്രസ്താവിച്ചത്.
റഷ്യയുടെ നിയന്ത്രണത്തിലോ മോസ്‌കോയുടെ പിന്തുണയിലോ ഉള്ള മറ്റ് ശക്തികൾ സൈനിക നടപടി തുടരരുതെന്ന് റഷ്യ ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, രാജ്യാന്തര നീതിന്യായ കോടതിയുടെ പരാമർശം യുക്രൈന്റെ വിജയമാണെന്ന് പ്രസിഡന്റ് വ്‌ലാഡിമിൽ സെലൻസ്‌കി പ്രതികരിച്ചു. റഷ്യയോട് യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പിടിച്ചടക്കാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു. യുക്രൈനിൽ പ്രത്യേക സൈനിക ഓപ്പറേഷൻ നടത്തുകയല്ലാതെ തന്റെ രാജ്യത്തിന് മറ്റ് വഴികളൊന്നുമില്ലെന്നും ഇത് സ്വയം സംരക്ഷണത്തിന് മാത്രമാണെന്നും പുടിൻ വ്യക്തമാക്കി.

