കശ്മീരി പണ്ഡിറ്റുകൾക്ക് നൽകിയ എല്ലാവാഗ്ദാനങ്ങളും നിറവേറ്റും; നിർമ്മലാ സീതാരാമൻ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകൾക്ക് നൽകിയ എല്ലാവാഗ്ദാനങ്ങളും നിറവേറ്റുമെന്ന് ഉറപ്പു നൽകി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിനുള്ള ബജറ്റും പാർലമെന്റിൽ ധനമന്ത്രി അവതരിപ്പിച്ചു. കശ്മീരിൽ 1025 ട്രാൻസിറ്റ് സൗകര്യങ്ങൾ പൂർത്തിയായിട്ടുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. 1,488 യൂണിറ്റുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ട്രാൻസിറ്റ് താമസസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് സാമ്പത്തികസഹായവും ഭക്ഷണവും നൽകുന്നുണ്ടെന്നും നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.

4,678 കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി നൽകിയിട്ടുണ്ട്. 2021 ഡിസംബറിൽ, 1.43 ലക്ഷം വിനോദസഞ്ചാരികൾ കശ്മീർ താഴ്‌വര മാത്രം സന്ദർശിച്ചു, കഴിഞ്ഞ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് കശ്മീരിലെ വികസന പദ്ധതികളുടെ വേഗത വർദ്ധിപ്പിച്ചു. ആർട്ടിക്കിൾ 370 നീക്കം ചെയ്തതിന് ശേഷം ജമ്മുകശ്മീരിനായി 1,353 കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക പുനരുജ്ജീവന പാക്കേജായി നൽകിയിട്ടുണ്ട്. 3.44 ലക്ഷം അക്കൗണ്ട് ഉടമകൾക്ക് അഞ്ചു ശതമാനം പലിശ ഇളവായി 750 കോടി രൂപയും നൽകിയിട്ടുണ്ട്. വൈദ്യുതി ചാർജിലും വെള്ളത്തിന്റെ ചാർജിലും 50 ശതമാനം ഇളവ് നൽകിയിട്ടുണ്ട്. 35,581.44 കോടി രൂപയാണ് 2022-23 വർഷത്തേക്ക് എംഎച്ച്എയ്ക്ക് കീഴിൽ ജമ്മു കശ്മീരിന് കേന്ദ്രം അനുവദിച്ചതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

70 വർഷമായി ജമ്മുകശ്മീരിലെ ജനങ്ങൾക്ക് നിഷേധിക്കപ്പെട്ടത് മോദി സർക്കാർ അവർക്ക് നൽകും. എസ്സി, എസ്ടി വിഭാഗക്കാർക്കുവേണ്ടി ഡോ. അംബേദ്കർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കായി നൽകിയത് ഇപ്പോൾ ജമ്മുകശ്മീരിലെ ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.