ഹൈദരാബാദ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ പഠനവുമായി ബന്ധപ്പെട്ട് നിർണായക തീരുമാനവുമായി തെലങ്കാന സർക്കാർ. യുക്രൈനിൽ നിന്നും തിരിച്ചെത്തിയ സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു അറിയിച്ചു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
യുക്രൈനിൽ ഇപ്പോഴും യുദ്ധം തുടരുകയാണ്. തിരിച്ചുവന്നവരുടെ ഭാവി എന്താകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ, അവരുടെ വിദ്യാഭ്യാസം ഇവിടെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ഭാവി നശിക്കാതിരിക്കാൻ തങ്ങൾ ചെലവ് ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ നിന്നും 20,000-ൽ അധികം വിദ്യാർത്ഥികളാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രൈനിൽ ഉണ്ടായിരുന്നത്. തെലങ്കാനയിൽ നിന്നുള്ള 740 മെഡിക്കൽ വിദ്യാർത്ഥികളിൽ 710 പേരെ തിരികെ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

