ന്യൂഡല്‍ഹി: ഓപ്പറേഷന് ഗംഗ വഴി യുക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രാജ്യസഭയില്‍ അറിയിച്ചു. സുമിയിലും കാര്‍കീവിലും കനത്ത വെല്ലുവിളികളാണ് രക്ഷാദൗത്യത്തില്‍ നേരിട്ടത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വലിയ ഏകോപനമാണ് നടന്നത്. എംബസി ജീവനക്കാര്‍ നല്കിയതും വലിയ സേവനമാണ്. നയതന്ത്രതലത്തില്‍ റഷ്യയുമായും ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈനിലെ അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള മെറ്റേണിറ്റി ആശുപത്രി റഷ്യ നടത്തിയ ബോംബ് സ്ഫോടനത്തെ റഷ്യയുടെ നീചമായ പ്രവൃത്തിയെന്നാണ് യുക്രൈന് പ്രസിഡന്റ് സെലെന്‍സ്കി വിശേഷിപ്പിച്ചത്. അതില്‍ ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര് കൊല്ലപ്പെടുകയും ചുരുങ്ങിയത് 17 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മരിയുപോളില്‍ നടന്ന വ്യോമാക്രമണത്തെത്തുടര്‍ന്ന് ഒരു ഗര്‍ഭിണി സ്ട്രെച്ചറില്‍ കിടക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന അവരും കുഞ്ഞും മരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
എന്നാല്‍, ആ സമയത്ത് ആശുപത്രി പ്രവര്‍ത്തനക്ഷമമല്ലായിരുന്നുവെന്നും, സംഭവസ്ഥലത്ത് ചിത്രീകരിച്ചിരിക്കുന്ന പരിക്കേറ്റ സ്ത്രീകള്‍ അഭിനേതാക്കളായിരുന്നു എന്നൊക്കെയുള്ള എംബസിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങളാണ് ലണ്ടനിലെ റഷ്യന്‍ എംബസിയുടെ രണ്ട് പോസ്റ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തതോടെ പൊളിഞ്ഞത്. ബോംബാക്രമണത്തിന്റെ പിറ്റേന്ന് ആശുപത്രിയുടെ അവശിഷ്ടങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന മറ്റൊരു ഗര്‍ഭിണിയായ സ്ത്രീയെയും എംബസി ഇതേരീതിയില്‍ അപകീര്‍ത്തിപ്പെടുത്തിയിരുന്നു.

