ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയവുമായി ബന്ധപ്പെട്ടാണ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. അസാമാന്യമായ പ്രഭാവവും ഊർജവും ഉള്ള ആളാണ് പ്രധാനമന്ത്രിയെന്ന് ശശി തരൂർ പറഞ്ഞു. ഉത്തർപ്രദേശിലെ മികച്ച വിജയത്തിന്റെ കീർത്തി പ്രധാനമന്ത്രിക്ക് അവകാശപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയ്പുർ സാഹിത്യോത്സവത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ചില കാര്യങ്ങൾ, പ്രത്യേകിച്ച് രാഷ്ട്രീയപരമായ ചിലത് അദ്ദേഹം വളരെ നന്നായി ചെയ്തു. ഇത്രയും വലിയൊരു മാർജിനിൽ അവർ വിജയിക്കുമെന്ന് തങ്ങൾ കണക്കു കൂട്ടിയിരുന്നില്ല. പക്ഷേ പ്രധാനമന്ത്രിയ്ക്ക് അത് സാധിച്ചു. ഇന്ത്യയിലെ വോട്ടർമാർക്ക് അമ്പരപ്പിക്കാനുള്ള കഴിവുണ്ട്. ഒരിക്കൽ അവർ ബിജെപിയെ അമ്പരപ്പിക്കുമെന്നും ഇന്ന് ബിജെപിക്ക് വേണ്ടത് വോട്ടർമാർ നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, രാജ്യത്തെ വർഗീയവും മതപരവുമായ അടിസ്ഥാനത്തിൽ വിഭജിക്കുന്ന ശക്തികളെ മോദി അഴിച്ചുവിട്ടുവെന്നും അത് നിർഭാഗ്യകരമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

