ആദർശമുള്ള നേതാക്കളെയാണ് കോൺഗ്രസിന് ആവശ്യം; സ്തുതി പാഠകരുമായി ഇനിയും മുന്നോട്ട് പോകാനാകില്ലെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: മുൻ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് തോൽവി പ്രവർത്തകരെ നിരാശരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സ്തുതി പാഠകരുമായി കോൺഗ്രസിന് ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പരാജയത്തിൽ ഉപരിപ്ലവ ചർച്ചകളല്ല വേണ്ടത്. ആദർശവും ആശയ വ്യക്തതയുള്ള നേതാക്കളെയാണ് കോൺഗ്രസിന് ആവശ്യം. തികഞ്ഞ ചരിത്രബോധത്തോടെ വസ്തുതാപരമായി തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തേണ്ടതുണ്ട്. അതേസമയം, കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. കോൺഗ്രസ് പ്രവർത്തക യോഗത്തിൽ ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബത്തിൽ വിശ്വാസമെന്ന് യോഗത്തിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. നിലവിലെ പ്രവർത്തക സമിതി തുടരാനും യോഗത്തിൽ തീരുമാനമായി.

ഗാന്ധി കുടുംബം പാർട്ടിയെ ദുർബലപ്പെടുത്തുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ത് ത്യാഗത്തിനും തയ്യാറെന്ന് സോണിയ ഗാന്ധി യോഗത്തിൽ വ്യക്തമാക്കി. അഞ്ച് മണിക്കൂറാണ് പ്രവർത്തക സമിതി യോഗം നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് യോഗത്തിൽ റിപ്പോർട്ടിങ് നടന്നു. നേതാക്കളിൽ ഭൂരിഭാഗവും ചർച്ചകളിൽ പങ്കെടുത്തിരുന്നു. അതേസമയം, ഗ്രൂപ്പ് 23 നേതാക്കളാരും കടുത്ത നിലപാടിലേക്ക് കടന്നില്ല. തുറന്ന ചർച്ചയാകാമെന്ന നിലപാട് ഗ്രൂപ്പ് 23 നേതാക്കളും അംഗീകരിച്ചു. ഏപ്രിലിൽ ചിന്തൻ ശിബിർ നടത്താൻ തീരുമാനമായി. പാർട്ടിക്ക് അതിന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് പൂർണ്ണ ബോധ്യമുണ്ടെന്ന് വർക്കിങ് കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കൾ പ്രതികരിച്ചു.