ബീജിംഗ്: ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം മാത്രം 3400 പേരിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളാണ് കൂടുതലായി വ്യാപിക്കുന്നത്.
അതേസമയം, ഗ്രാമ, നഗര മേഖലകളില്‍ ഒരു പോലെ വൈറസ് പടര്‍ന്നതോടെ നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. ചൈനയുടെ വടക്കു പടിഞ്ഞാറന്‍ പ്രവിശ്യകളിലെ നഗരങ്ങളില്‍ ചൈന വീണ്ടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഷാങ്ഹായ് പ്രവിശ്യയിലെ സ്കൂളുകള്‍ അടച്ചു പൂട്ടി. ജിലിന്‍ അടക്കം നിരവധി നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഷെന്‍ഹെന്‍ പ്രവിശ്യയിലെ 9 ജില്ലകളില്‍ നിയന്ത്രണങ്ങളുണ്ട്. വടക്ക് കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഒരു ലക്ഷത്തോളം പേര് താമസിക്കുന്ന യാന്‍ജി പ്രാദേശിക നഗരം പൂര്‍ണ്ണമായും പൂട്ടി. ചാങ്ചുന്‍ എന്ന നഗരം പൂര്‍ണമായും ലോക്ക്ഡൗണിലാണ്. 90 ലക്ഷം പേരെങ്കിലും ഇവിടെ താമസിക്കുന്നുണ്ട്.
വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ സ്ഥാപനങ്ങളോട് ചൈനീസ് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരിശോധനയും നിയന്ത്രണവും ശക്തമാക്കി പുതിയ വ്യാപനത്തെ പ്രതിരോധിക്കാനായി രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ താല്‍ക്കാലിക ആശുപത്രി സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ഈ മേഖലകളില്‍ വിന്യസിക്കും. കൊവിഡ് സെല്‍ഫ് ടെസ്റ്റിംഗ് നടത്താന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കുകയാണ് ചൈനീസ് പ്രവിശ്യാ ഭരണകൂടങ്ങള്‍. കൊവിഡ് നാലാം തരംഗത്തിലേക്കെത്തുന്നോ എന്നതാണ് ലോക ആരോഗ്യ മേഖലയുടെ ആശങ്ക.

