തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയം കാരണം പ്രതിപക്ഷ നിരയില്‍ പാര്‍ട്ടി അപ്രസക്തമായെന്ന വാദം തള്ളി ശശി തരൂര്‍ എംപി രഗത്ത്. ബിജെപിക്ക് തൊട്ടുപിന്നിലായി ഇന്ത്യയിലെ ഏറ്റവും ശക്തമായ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണെന്നാണ് തരൂര്‍ സ്ഥാപിക്കുന്നത്.
‘ബിജെപിയ്ക്ക് വിവിധ സംസ്ഥാനങ്ങളിലായി മൊത്തം 1443 എംഎല്‍എമാരുണ്ട്. തൊട്ടുപിന്നിലായി 753 എംഎല്‍എമാരുമായി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് 236 എംഎല്‍എമാര്‍ മാത്രമാണുള്ളത്. സിപിഎമ്മിന് 88 എംഎല്‍എമാരാണ് ഉള്ളത്. ഇതുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇപ്പോഴും രാജ്യത്ത് ഏറ്റവും വിശ്വസ്തമായ പ്രതിപക്ഷ പാര്‍ട്ടിയായി തുടരുന്നത്. ഇതുകൊണ്ടു തന്നെയാണ് പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചാല്‍ നേട്ടമുണ്ടാകുമെന്ന് പറയുന്നതും.’ തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നും പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തി കണ്ടെത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.
യുപിയിലും പഞ്ചാബിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമശനം ശക്തമായിരുന്നു. പാര്‍ട്ടിയില്‍ മാറ്റം വേണമെന്ന് ശശി തരൂര്‍ അടക്കമുള്ള ജി23 വിമതനേതാക്കള്‍ നേരത്തെ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, പരാജയകാരണം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്നലെ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് ചേര്‍ന്നു. പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ളവര്‍ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടി തലപ്പത്ത് സോണിയ തന്നെ തുടരാനാണ് യോഗത്തില്‍ തീരുമാനമായത്.

