വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക ഉയർത്തേണ്ടി വരും; ഗതാഗത മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ ബസ് കൺസഷൻ തുക ഉയർത്തേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കൺസഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 5 രൂപ കൊടുത്താൽ പലരും ബാക്കി വാങ്ങാറില്ല. 10 വർഷം മുൻപാണ് വിദ്യാർത്ഥികളുടെ കൺസഷൻ തുക 2 രൂപയായി നിശ്ചയിച്ചത്. ഇന്ന് 2 രൂപ വിദ്യാർത്ഥികൾക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വിദ്യാർത്ഥികളെ കയറ്റാൻ അനുവദിക്കാത്ത ബസുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബസ് ചാർജ് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. ചാർജ് വർധനയുണ്ടാകുമെന്നും എന്നാൽ അത് പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും മന്ത്രി വ്്യക്തമാക്കി. ഇന്ധനവില ഉടൻ കൂടുമെന്ന വാർത്തകളും വരുന്നുണ്ട്. ബൾക്ക് പർച്ചേഴ്‌സ് ചെയ്തവർക്ക് വില കൂട്ടിയതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ താമസത്തിലും പ്രതിഷേധിച്ച് സമരത്തിലേക്ക് കടക്കാനാണ് സ്വകാര്യ ബസുടമകൾ സമരം നടത്തുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഉന്നയിക്കുന്ന ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.

ബസ് ചാർജ് വർധിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയിട്ടും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ബജറ്റിലും യാതൊരു പരിഗണയും തങ്ങൾക്ക് ലഭിച്ചില്ലെന്നും ബസുടമകൾ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചത്.