വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ കോണ്‍ഗ്രസിന്റെ രീതിയല്ല; കെ.സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന് പിന്നാലെ കെ.സി വേണുഗോപാലിനെതിരെ അണികളില്‍ നിന്നു തന്നെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി രംഗത്ത്. വ്യക്തികള്‍ക്കെതിരായ ആക്രമണങ്ങള്‍ ശരിയല്ല. അത് കോണ്‍ഗ്രസിന്റെ രീതിയല്ല. നേതൃമാറ്റത്തെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനുണ്ടായ തോല്‍വിക്ക് ശേഷം കെ.സി വേണുഗോപാലിനെതിരെ കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. വേണുഗോപാലിനെ പുറത്താക്കുക, കോണ്‍ഗ്രസിനെ രക്ഷിക്കുക എന്നെഴുതിയ ബോര്‍ഡുകളാണ് സംഘം സ്ഥാപിച്ചിരുന്നത്.

അതേസമയം, കെ.സി വേണുഗോപാലാണ് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നതെന്നും അടുക്കള ഏജന്റുമാരാണ് കോണ്‍ഗ്രസില്‍ ഭരിക്കുന്നതെന്നും ആരോപിച്ച് സി എം ഇബ്രാഹിമും രംഗത്തു വന്നു. അഴിമതിക്കാരായ നേതാക്കളോടാണ് ഹൈക്കമാന്റിന് താല്‍പര്യം. രാഹുല്‍ ഗാന്ധി പൂര്‍ണ പരാജയമാണ്. എങ്ങനെ നയിക്കണമെന്ന് രാഹുലിന് അറിയില്ല. ജനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് അകന്നു. ഇതാണ് തിരിച്ചടിക്ക് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.