15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി പുതുക്കൽ നിരക്ക് വർധിപ്പിക്കുന്നു; 10 ഇരട്ടി വരെ വർധനവുണ്ടാകും

ന്യൂഡൽഹി: 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ ആർ സി പുതുക്കൽ നിരക്ക് വർധിപ്പിക്കുന്നു. ഏപ്രിൽ ഒന്നു മുതൽ 10 ഇരട്ടി വരെ വർധനവാണ് ഉണ്ടാകുക. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2021 ഒക്ടോബറിൽ ഇറക്കിയ ജി.എസ്.ആറിൽ ഇതുവരെ മാറ്റമില്ലാത്തതിനാൽ ഉത്തരവ് ഏപ്രിൽ ഒന്നു മുതൽ നടപ്പാകുമെന്ന് അധികൃതർ അറിയിച്ചു. പുതുക്കൽ നിരക്കിനൊപ്പം പിഴസംഖ്യയും മാസംതോറും വർധിക്കും. 15 വർഷം കഴിഞ്ഞ ബൈക്കുകളെയും കാറുകളെയുമാണ് പുതിയ തീരുമാനം കൂടുതൽ ബാധിക്കുന്നത്.

സ്‌ക്രാപ്പിങ് പോളിസിയുടെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ചില വാഹനങ്ങളുടെ രജിസ്ട്രേഷൻ നിരക്കിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 360 രൂപയാണ് നിലവിൽ മോട്ടോർസൈക്കിളിന്റെ രജിസ്‌ട്രേഷൻ നിരക്ക്. ഇത് 1000 രൂപയായി വർധിക്കും. കാറിന്റെ രജിസ്‌ട്രേഷൻ ഫീസ് 5000 രൂപയായും വർധിക്കും. നിലവിൽ 700 രൂപയാണ് കാറിന്റെ രജിസ്‌ട്രേഷൻ നിരക്ക്. ഓട്ടോ ഉൾപ്പെടെയുള്ള ത്രീവീലറിന് 2500 രൂപയാണ് അടക്കേണ്ടത്. നിലവിൽ 500 രൂപയാണ് ത്രീവീലറുകളുടെ രജിസ്‌ട്രേഷൻ ഫീസ്. 15 വർഷം കഴിഞ്ഞ കൊമേഴ്സ്യൽ വാഹനങ്ങൾക്കും വൻ വർധനയാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരിക. 900 രൂപ വരുന്ന മീഡിയം ഗുഡ്സിന് 10,000 രൂപയാണ് ഏപ്രിൽ മുതൽ അടയ്‌ക്കേണ്ടി വരിക.

വണ്ടിയുടെ ആർ സി പുതുക്കാൻ വൈകിയാൽ വണ്ടി തൂക്കിവിൽക്കേണ്ട അവസ്ഥ ഉണ്ടാകും. നിലവിൽ 15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിൾ പുതുക്കാൻ മറന്നാൽ 3000 രൂപ പിഴയും 300 രൂപ ഡിലേ ഫീയും 360 രൂപ പുതുക്കൽ ഫീസും നൽകണം. ഏകദേശം 3600 രൂപയായിരിക്കും അടയ്‌ക്കേണ്ടി വരിക. മോട്ടോർ സൈക്കിളിന് ഒരുമാസം 300 രൂപ വെച്ച് ഡിലേ ഫീസിൽ വർധനവ് ഉണ്ടാകും. കാറിന് 500 രൂപയാണ് മാസം ഡിലേ ഫീ വർധിക്കുക.