കെബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ആയുർവേദ ഡോക്ടർമാരുടെ സംഘടന

കൊല്ലം: പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി ആയുർവേദ ഡോക്ടർമാരുടെ സംഘടന. ജനപ്രതിനിധിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണ് ഗണേഷ് കുമാറിൽ നിന്നും ഉണ്ടായതെന്ന് സംഘടന വ്യക്തമാക്കുന്നു. അലവലാതിയെന്ന് വിളിച്ച് ഡോക്ടർമാരെ അധിക്ഷേപിച്ചതിനെതിരെയാണ് സംഘടന രംഗത്തെത്തിയത്. എംഎൽഎയുടെ പ്രസ്താവനയിൽ പ്രതിഷേധം രേഖപ്പെടുത്തി സംഘടനാ നേതാക്കൾ വാർത്താക്കുറിപ്പ് പുറത്തിറക്കി.

തലവൂരിലെ ആയുർവേദ ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷ് കുമാറിന്റെ പരാമർശം. ഇവരെ അലവലാതി ഡോക്ടർമാർ എന്നാണ് എംഎൽഎ വിശേഷിപ്പിച്ചത്. ആരോഗ്യ മന്ത്രി സന്നിഹിതയായ വേദിയിൽ ചില അലവലാതി ഡോക്ടർമാർ തനിക്കെതിരെ പറയുന്നത് കേട്ടുവെന്നായിരുന്നു ഗണേഷ് കുമാർ പറഞ്ഞത്. ഒരാഴ്ചയ്ക്ക് മുൻപ് നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് അദ്ദേഹം രോക്ഷാകുലനാകുകയും ചെയ്തിരുന്നു.