തലവേദന, ശരീരവേദന തുടങ്ങി എന്ത് വേദനകൾക്കും പെയിൻ കില്ലേഴ്‌സ് കഴിക്കുന്നവരുണ്ട്. ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ സ്വന്തമായി മെഡിക്കൽ സ്‌റ്റോറുകളിൽ പോയി പെയിൻ കില്ലേഴ്‌സ് വാങ്ങി കഴിക്കുന്നവരാണ് കൂടുതലും. എന്നാൽ ഇത് ഒരിക്കലും നല്ല പ്രവണതയല്ലെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഡോക്ടറുടെ നിർദേശമില്ലാതെ പെയിൻ കില്ലേഴ്സ് കഴിക്കുന്നത് ചെറുതും വലുതുമായ പല പാർശ്വഫലങ്ങളിലേക്കും നയിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നവരിൽ ക്രമേണ വൃക്കയുടെ പ്രവർത്തനം പ്രശ്നത്തിലാകാമെന്നാണ് ഗുരുഗ്രാമിൽ നിന്നുള്ള നെഫ്രോളജി വിദഗ്ധൻ ഡോ. മഞ്ജു അഗർവാൾ പറയുന്നത്. വല്ലപ്പോഴും എന്ന നിലയിലാണ് കഴിക്കുന്നതെങ്കിൽ പൂർണ്ണ ആരോഗ്യവാനായ/ ആരോഗ്യവതിയായ ഒരാളെ പെയിൻ കില്ലേഴ്സ് അത്ര മോശമായി ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ് കഴിക്കുന്നുണ്ടെങ്കിൽ, വിശേഷിച്ചും മറ്റ് പല മരുന്നുകളുടെയും കോംബിനേഷനായി കഴിക്കുന്നുണ്ടെങ്കിൽ അത് ഗുരുതരമായ രീതിയിൽ വൃക്കയെ ബാധിക്കാനിടയുണ്ട്. പ്രായമായവർ, പ്രമേഹവും രക്തസമ്മർദ്ദവും ഉള്ളവർ എന്നിവർ സാധാരണനിലയിൽ നിന്നും അധികമായി ഇതിന്റെ വെല്ലുവിളികൾ നേരിടുകയും ചെയ്തേക്കാം. അവരിൽ പിന്നീട് വൃക്കയുടെ പ്രവർത്തനം ഇതുമൂലം നിലച്ചുപോകാനുള്ള സാധ്യത വരെ കാണുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഒഴിവാക്കുന്നതിനായി പെയിൻ കില്ലേഴ്സ് പതിവായി ഉപയോഗിക്കാതിരിക്കണം. എന്തെങ്കിലും തരത്തിലുള്ള ആവശ്യങ്ങളുണ്ടെങ്കിൽ അത് ഡോക്ടറുമായി കൺസൾട്ട് ചെയ്ത ശേഷം മാത്രം കഴിക്കുക. പ്രായമായവരും പ്രമേഹവും ബിപിയും പോലുള്ള അസുഖങ്ങളുള്ളവരും പെയിൻ കില്ലേഴ്സ് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.

