ഫട്ടോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരബാദ് എഫ്‌സിയും തമ്മിലുള്ള കിരീടപ്പോരാട്ടം നാളെ. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സിന് മഞ്ഞ ജഴ്‌സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്റ്റേഴ്സിന്റെ ഹോം ജഴ്സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്‌സി ധരിച്ചാവും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെത്തുക.
സംഘാടകര്‍ മുഴുവന്‍ കാണികളെയും ഫൈനലില്‍ പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്ദ സമിതി അംഗങ്ങള്‍ എതിര്‍ത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിര്‍ദ്ദേശം. ഗോവ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന വിദഗ്ദ സമിതി യോഗം ഒടുവില്‍ 100 ശതമാനത്തിന് സമ്മതം മൂളുകയായിരുന്നു. സെമിയില്‍ ലീഗ് വിന്നേഴ്സ് ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ് സിയെ ഇരുപാദങ്ങളിലുമായി 2-1ന് തോല്‍പ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഹൈദരാബാദ് എഫ്സിയാകട്ടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ എടികെ മോഹന്‍ ബഗാനെ 3-2ന് തോല്‍പ്പിച്ച് ഫൈനലിലെത്തി.

