കെ റെയിലിൽ സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ല; വി മുരളീധരൻ

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ സ്ഥലം ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ നൽകാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വിശദമാക്കി.

കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കെ റെയിൽ ജനങ്ങളുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനസംവാദം നടത്തിയെന്ന് അവകാശപ്പെടുന്നു. എന്നാൽ പണക്കാരായ ചില മാന്യന്മാരുമായി മാത്രമാണ് ചർച്ച നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. വിഷയത്തിൽ പ്രതിപക്ഷം മൗനം തുടരുകയാണ്. സിൽവർലൈൻ പദ്ധതി ബിജെപി അനുവദിക്കില്ല. ശക്തമായി ഇതിനെ പ്രതിരോധിക്കാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ ചങ്ങനാശേരിയിൽ നടന്നത് കാടത്തമാണെന്നും സ്ത്രീകൾക്കെതിരെയുണ്ടായ അക്രമം ലജ്ജാകരമാണെന്നും അദ്ദേഹം വിമർശിച്ചു. ഇത് ചെയ്തവരാണ് ശബരിമലയിൽ സ്ത്രീ ശാക്തീകരണത്തിന് വാദിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.