ന്യൂഡല്‍ഹി: അരനൂറ്റാണ്ടിലധികം ഇന്ത്യ ഭരിച്ച പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടികളെക്കാള്‍ ദുര്‍ബലമാകുന്ന അതി ദയനീയമായ കാഴ്ച്ചക്കാണ് ദേശീയ രാഷ്ട്രീയം ഇപ്പോള്‍ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. പഞ്ചാബിലെയും ഛത്തീസ്‌ഗ്ഗഡിലെയും രാജസ്ഥാനിലെയും ഭരണമായിരുന്നു കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയിരുന്നത്. എന്നാല്‍, ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും കോണ്‍ഗ്രസിന് പ്രതീക്ഷ ഉള്ളിടങ്ങളില്‍ പോലും തിരിച്ചു കയറാന്‍ പറ്റാത്ത സാചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും റായ്ബറേലിയിലും പാര്‍ട്ടിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് അമേഠിയില്‍ തോല്‍വി രുചിച്ചിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് പ്രചാരണത്തിന് ഇറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സോണിയ ഗാന്ധിയുടെ മണ്ഡലമായിരുന്ന റായ്ബറേലിയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം സോണിയാ ഗാന്ധി ഇനിയൊരു രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങാന്‍ സാധ്യതയില്ലാത്തതിനാല്‍ അടുത്ത തവണ റായ്ബറേലിയില്‍ മത്സരിക്കാന്‍ നറുക്ക് വീഴുക പ്രിയങ്കക്ക് തന്നെയാണ്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്നും ഉറപ്പാണ്. ഇങ്ങനെ വന്നാല്‍ പ്രിയങ്കയും രാഹുലിനെ പോലെ സുരക്ഷിത മണ്ഡലം തേടി കേരളത്തിലേക്ക് എത്തുമോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ചിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇന്ന് ഇത്രയും അധപതിച്ചെങ്കില്‍ അതിന്റെ മുഖ്യ കാരണക്കാര്‍ പാര്‍ട്ടി നേതൃത്വം തന്നെയാണ്. ശക്തമായ തീരുമാനങ്ങളും തന്ത്രങ്ങളും എടുക്കാന്‍ കഴിവുള്ള നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഇല്ല. യുപിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലും എസ് പിയിലും എത്തിയത് നിരവധി നേതാക്കളാണ്. പാര്‍ട്ടിക്കുള്ളിലും അല്ലാതെയും തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചിട്ടും നിസംഗ മനോഭാവമായിരുന്നു രാഹുല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് എന്നാണ് അവരുടെ വിശദീകരണം. ഇത്രയൊക്കെ ആയിട്ടും കോണ്‍ഗ്രസിന് ഇനിയും ബോധം വന്നിട്ടില്ല. എന്നാല്‍, പാര്‍ട്ടിയിലെ തമ്മില്‍ തല്ലിന് ഒരു കുറവും വന്നിട്ടുമില്ല. ദേശീയ തലത്തില്‍ കരുത്തനായ ഒരു നേതാവില്ലെന്നതാണ് പാര്‍ട്ടി ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമെന്ന് പാര്‍ട്ടിക്ക് മനസിലായിട്ടില്ലെങ്കിലും മറ്റുള്ളവര്‍ക്ക് മനസിലായ കാര്യമാണ്. രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുകൊണ്ടു പോകാന്‍ ആകില്ലെന്നത് വാസ്തവമാണ്. പ്രിയങ്കയിലേക്ക് വിരല്‍ ചൂണ്ടിയവരും നിസ്സഹായരായി നില്‍ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കോണ്‍ഗ്രസിന്റെ ഭാവി എന്താകും എന്നല്ല, കോണ്‍ഗ്രസിന് ഇനി ഭാവിയുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്.

