കിവീസിന് മുന്നില്‍ അടിയറവ് പറഞ്ഞ് ഇന്ത്യന്‍ പെണ്‍പട

ഹാമില്‍ട്ടണ്‍: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ന്യൂസിലാന്‍ഡ് 62 റണ്‍സിന്‌ ഇന്ത്യയെ പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 261 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ സംഘം 46.4 ഓവറില്‍ 198 റണ്‍സിന് ആള്‍ഔട്ടാവുകയായിരുന്നു.

63 പന്തില്‍ രണ്ട് സിക്സും ആറ് ഫോറുമടക്കം 71 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. എന്നാല്‍ പിന്തുണ നല്‍കാന്‍ ആരുമുണ്ടായില്ല. 261 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് സ്‌കോര്‍ 10ലെ എത്തിയപ്പോള്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ (6) നഷ്ടമായി. വൈകാതെ ദീപ്തി ശര്‍മയും (5) മടങ്ങി. യസ്തികയുടെയും ക്യാപ്ടന്‍ മിഥാലി രാജിന്റെയും മെല്ലെപ്പോക്കും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മിതാലി രാജ് 56 പന്തില്‍ നിന്ന് ഒരു ഫോറടക്കം 31 റണ്‍സെടുത്ത് പുറത്തായി. റിച്ച ഘോഷും (0) നിരാശപ്പെടുത്തി. സ്നേഹ് റാണ (18), പൂജ വസ്ത്രാക്കര്‍ (6), ജുലാന്‍ ഗോസ്വാമി (15), രാജേശ്വരി ഗെയ്ക്വാദ് (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

നേരത്തെ കിവീസ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 260 റണ്‍സെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ആമി സാറ്റേര്‍ത്ത് വെയ്റ്റും (75) അമേലിയ കെറു(50)മാണ് കിവീസ് ടീമിനായി തിളങ്ങിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കാറ്റി മാര്‍ട്ടിന്‍ (41), ക്യാപ്ടന്‍ സോഫി ഡെവിന്‍ (35), മാഡി ഗ്രീന്‍ (27) എന്നിവരും കിവീസിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി പൂജ വസ്ത്രാക്കര്‍ നാലു വിക്കറ്റുമായി തിളങ്ങി. രാജേശ്വരി ഗെയ്ക്വാദ് രണ്ടു വിക്കറ്റെടുത്തു.